Palakkad

മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തുടങ്ങി

മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ അധ്യാപകര്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളര്‍ത്തിയെടുക്കണം. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ധാരാളം സാധ്യതകളുള്ള സ്‌കീമുകള്‍ ഉണ്ട്.
സോളാര്‍, പ്രിസിഷന്‍ ഫാമിങ്, മൈക്രോ ഇറിഗേഷന്‍, ഫുഡ് പ്രോസസിങ് തുടങ്ങിയവയില്‍ ട്രെയിനിങ് നല്‍കുകയാണെങ്കില്‍ അവര്‍ക്ക് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ നല്ല ജോലികള്‍ കിട്ടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പഠനത്തിനൊപ്പം ഇത്തരത്തിലുള്ള ട്രെയിനിങ് കൂടി നല്‍കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണമെന്നും ട്രെയിനിങ്ങിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരാമെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയില്‍ അറിവുള്ളവര്‍ക്കാണ് ഇന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളത്. സാങ്കേതികവിദ്യയില്‍ പ്രാപ്തരാക്കുന്ന രീതിയിലുള്ള പഠനരീതി കൊണ്ടുവരാന്‍ അധ്യാപകര്‍ ശ്രമിക്കണം. കുട്ടികള്‍ ലഹരികളിലേക്ക് മറ്റും പോകാതിരിക്കണമെങ്കില്‍ അവരുടെ ശ്രദ്ധ കലാപരമായ പ്രവര്‍ത്തികളിലേക്ക് തിരിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ. ബാബു എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, നല്ലേപ്പുള്ളി, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ്, ഗംഗാധരന്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത, നല്ലേപ്പിള്ളി വൈസ് പ്രസിഡന്റ് കെ. സതീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. അനിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് കല, കോഴിക്കോട് റീജണല്‍ ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍(പി.എസ്) ഡോ. എം. രാമചന്ദ്രന്‍, സാങ്കേതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍(ജനറല്‍) എ. സുല്‍ഫിക്കര്‍, മറ്റു ജനപ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പി.ടി.എ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close