THRISSUR

ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരും: മന്ത്രി മുഹമ്മദ് റിയാസ്

കോട്ടയം: ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം സർക്കാർ തുടരുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം ഭദ്രമാക്കി, വിദ്വേഷ പ്രസംഗവും വർഗ്ഗീയ കലാപങ്ങളും ഇല്ലാത്ത, മതസൗഹാർദവും സാഹോദര്യവും ഉറപ്പുവരുത്തുന്ന ജനതയെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
 സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഭരണഘടന സ്ഥാപനങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നുണ്ട്. ശബരിമലയിലെ സംഭവത്തെ വക്രീകരിക്കാൻ ശ്രമിച്ചു. ഏഴ് വർഷം കൊണ്ട്  ശബരിമലയിൽ 220 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. നിലക്കൽ എരുമേലി ചെങ്ങന്നൂർ തുടങ്ങിയ ഇടങ്ങളിൽ ഇടത്താവളങ്ങളുടെ നിർമ്മാണം  പുരോഗമിക്കുന്നു. തീർത്ഥാടകർക്കായി കുടിവെള്ളം, വെന്റിലേറ്റർ, എമർജൻസി – ഐസിയു യൂണിറ്റുകൾ, വഴിവിളക്കുകൾ, കെ.എസ്.ആർ.ടി.സി. വഴിയുള്ള യാത്ര സൗകര്യം, ടോയ്‌ലെറ്റുകൾ, പ്രദേശത്തെ നിയന്ത്രിക്കാനുള്ള  പോലീസ് ഉദ്യോഗസ്ഥർ  എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 കടുത്തുരുത്തി മണ്ഡലത്തിൽ കിടങ്ങൂർ ബൈപാസ് റോഡ്,  മറ്റക്കര – കുമ്മണ്ണൂർ റോഡ് എന്നീ പദ്ധതികൾ പൂർത്തീകരിച്ചു. പിറവം – കടുത്തുരുത്തി റോഡ്, നീണ്ടൂർ- കുറുപ്പന്തറ റോഡ്, പുതുവേലി സംസ്ഥാന പാതയുടെ ഉപരിതല പ്രവർത്തി,  
കടുത്തുരുത്തി, കുറുപ്പന്തറ റെയിൽവേ ഓവർ ബ്രിഡ്ജുകൾ, മുളക്കുളം യു.പി. സ്‌കൂൾ തുടങ്ങിയവയുടെ പണി പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ ഫാം ടൂറിസം അക്വാ വില്ലേജ്, അഗ്രികൾച്ചറൽ തീം പാർക്ക്  എന്നീ മേഖലകൾക്ക് സർക്കാർ പ്രോത്സാഹനം നൽകും. പശ്ചാത്തല വികസന മേഖലയിൽ സാധ്യമായത് എല്ലാം സർക്കാർ ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ഏക പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ഉൾപ്പെടെ 2021 നവംബർ ഒന്നുമുതൽ ഏർപ്പെടുത്തിയ ഓൺലൈൻ ബുക്കിംഗ് സൗകര്യംമൂലം അധിക വരുമാനം ലഭിക്കുന്നുണ്ട്. ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന നവകേരള സദസ് ലോക ജനാധിപത്യ സംവിധാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close