Malappuram

ലോക മണ്ണ് ദിനാചരണം; ജില്ലാതല ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും

ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും നടന്നു. എടപ്പാൾ തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷത വഹിച്ചു. സ്‌കൂൾ തലത്തിലുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച  പ്രശ്‌നോത്തരി, ചിത്രരചനാ  മത്സര വിജയികൾക്കുള്ള സമ്മാനദനം ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷൻ അംഗം അഡ്വ. പി.പി മോഹൻദാസ് നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ നീർത്തട ഭൂപടം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. മാലിന്യ മുക്തം നവകേരളം എന്ന വിഷയത്തിൽ ഭവിഷ ബാബുരാജ്, വിള പരിപാലനം-നെൽകൃഷി എന്ന വിഷയത്തിൽ ഡോ. മുസ്തഫ കുന്നത്താടി എന്നിവർ ക്ലാസ്സെടുത്തു. സോയിൽ സർവേ ഓഫീസർ ടി.കെ ആഷിഖ് ‘മണ്ണ്’ മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തി.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ആർ ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.മുരളീധരൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ടി.പി. ആയിഷ, മണ്ണ് പര്യവേക്ഷണം അസിസ്റ്റ്ന്റ് ഡയറക്ടർ വി. അബ്ദുൾ ഹമീദ്, കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, ജനപ്രതിനിധികൾ, കർഷർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ണിന്റെ വൈവിധ്യം പരിചയപ്പെടുത്തി മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പ്
മണ്ണിനേയും ജലത്തെയും മറ്റു പ്രകൃതി വിഭവങ്ങളെയും ഭാവി തലമുറയ്ക്കായി കരുതി വെക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന നീർത്തട സംരക്ഷണത്തിന്റെ മാതൃകാ രൂപം, ജില്ലയിലും, സംസ്ഥാനത്തും കാണുന്ന പ്രധാന  മണ്ണിനങ്ങൾ എന്നിവ പരിചയപ്പെടുത്തി മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പ് . ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് എടപ്പാൾ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മണ്ണറിവ് കാർഷിക പ്രദർശനത്തിലാണ് മണ്ണിനെ കുറിച്ച് അറിവ് പകർന്നു നൽകുന്നതിനായി പ്രദർശനം ഒരുക്കിയിട്ടുള്ളത്.
ജില്ലയിലെ പ്രധാന മണ്ണിനങ്ങളായ കരുവാരക്കുണ്ട്, കോരുമല എന്നിവിടങ്ങളിൽ കാണപ്പെടുന്ന മലയോരമണ്ണ്, അങ്ങാടിപ്പുറം, വറ്റല്ലൂർ, പഴമള്ളൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വെട്ട്കല്ല് മണ്ണ്, ബേപ്പൂർ, തലക്കാട്, തൃപ്രങ്ങോട് പ്രദേശങ്ങളിൽ കാണപ്പെടുന്ന തീരദേശ എക്കൽ മണ്ണ്, ചാലിയാർ, ആലിപറമ്പ് എന്നിവിടങ്ങളിലെ പുഴയോര എക്കൽ മണ്ണ്, എന്നിവയും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കാണുന്ന മണ്ണിനങ്ങളായ എക്കൽമണ്ണ്, മലയോരമണ്ണ്, കരിമണ്ണ്, വെട്ടുകൽ മണ്ണ്, വനമണ്ണ്, തീരദേശ മണ്ണ്, കറുത്ത പരുത്തി മണ്ണ്, എന്നിവയും ഇവിടെ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പരിശോധനയ്ക്കായി മണ്ണ് ശേഖരിക്കുന്ന ക്വാർട്ടർ രീതി വിശദീകരിക്കുന്ന മാതൃകാ രൂപവും ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close