Malappuram

സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും ശ്രദ്ധേയമായ അധ്യായമാണ് മലബാർ സമരം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

 സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും ശ്രദ്ധേയമായ അധ്യായമാണ് മലബാർ സമരമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. 1921ലെ മലബാർ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചരിത്ര സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാർ സമരം ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യ സമരമാണ്. ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ച ശക്തമായ പോരാട്ടമായിരുന്നു ഇത്. ഒരു ജനതയെ അടിമയാക്കിയ വെള്ളക്കാർക്കെതിരെ നടന്ന ഉജ്ജ്വല സമരമായിരുന്നു മലബാർ സ്വാതന്ത്ര്യ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം മച്ചിങ്ങൽ എം.എസ്.എം ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ ടി വി ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. 

മലബാർ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പി.കെ.എം.ഐ.സി (പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്റർ )യുടെ സഹകരണത്തോടെ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശനം എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. മലബാർ സമരത്തിന്റെ ചരിത്ര അന്വേഷണത്തിലുള്ള പങ്കിന് മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഏർപ്പെടുത്തിയ പുരസ്കാരം സാഹിത്യകാരൻ പി. സുരേന്ദ്രന് അദ്ദേഹം നൽകി. യോഗ്യൻ ഹംസ മാസ്റ്റർ രചിച്ച ‘പൂക്കോട്ടൂർ ഖിസ്സപ്പാട്ട്’ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. 

സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻതലമുറക്കാരെ ആദരിക്കൽ പി.ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. ഡോക്യുമെൻററി അണിയറ പ്രവർത്തകരെ അദരിക്കൽ ടി.വി ഇബ്രാഹീം എം.എൽ.എ നിർവഹിച്ചു.

സെമിനാറിൽ പി.കെ.എം.ഐ.സി ജനറൽ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. ശിവദാസൻ മങ്കട, ഡോ. പി. പി അബ്ദുറസാക്, പ്രൊഫ. കെ. ഗോപാലൻ, ഇബ്രാഹീം കുട്ടി മംഗലം എന്നിവർ വിഷയാവതരണം നടത്തി. 

 മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായീൽ മാസ്റ്റർ, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് മൂസ കടമ്പോട്ട്, ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ, മെറയൂർ പഞ്ചായത്ത് പ്രസിഡൻറ് സുനീറ പൊറ്റമ്മൽ, കോഡൂർ പഞ്ചായത്ത് പ്രസിഡൻറ് റാബിയ ചോലക്കൽ, പൊന്മള പഞ്ചായത്ത് പ്രസിഡൻറ് ജസീന മജീദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റജുല പെലത്തൊടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി മനാഫ്, കെ. സലീന ടീച്ചർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുറഹ്‌മാൻ കാരാട്ട് സ്വാഗതവും സെക്രട്ടറി കെ.എം സുജാത നന്ദിയും പറഞ്ഞു.

മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘മലബാർ വാരിയേഴ്സ്’ എന്ന ഡോക്യൂമെന്ററി നിർമിച്ചത്. മലബാർ സ്വാതന്ത്ര്യ സമരത്തിന്റെ 100ആം വാർഷികാത്തൊടാനുബന്ധിച്ചാണ് ഡോക്യുമെന്ററി നിർമിക്കാൻ തീരുമാനിച്ചത്. സുജിത് ഹുസൈൻ ആണ് സംവിധായകൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close