Malappuram

ഭൂമി തരം മാറ്റലിന് അദാലത്ത് നടത്തും: ജില്ലാ കളക്ടർ

ഭൂമി തരം മാറ്റുന്നതിന് നൽകിയ അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഭൂമി തരം മാറ്റുന്നതിനായി നൽകിയ അപേക്ഷകൾ കെട്ടികിടക്കുകയാണെന്നും അവ ഉടൻ പരിഹരിക്കണമെന്നും പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ യോഗത്തിൽ അറിയിച്ചു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സബ് കളക്ടർമാരുടെ ഓഫീസുകളിൽ ഇതിനായി അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥലപരിശോധന നടത്തുകയും അദാലത്ത് നടത്തി വേഗത്തിൽ പരിഹരിക്കുമെന്നും കളക്ടർ അറിയിച്ചു.
പൊന്നാനി നിളയോര പാതയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കൈയ്യേറ്റം ഒഴിപ്പിക്കാൻ ദൗത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഭൂരേഖ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫീസർ യോഗത്തിൽ അറിയിച്ചു.
ദേശീയപാതിൽ ചേളാരിയിൽ മണിക്കൂറുകൾ ഗതാഗത തടസ്സം നേരിടുന്നുണ്ടെന്നും പരിഹരിക്കണമെന്നും പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു. സ്ഥല പരിശോധന നടത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ദേശീയപാത പ്രൊജക്ട് ഡയറക്ടർ യോഗത്തിൽ അറിയിച്ചു. കുറ്റിപ്പുറത്ത് ആശുപത്രിയിലേക്കുള്ള പ്രവേശനം പരിഹരിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു.
റോഡ് നിർമാണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് ജനുവരി എട്ടിന് യോഗം വിളിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാരെ അനാവശ്യമായി സ്ഥലം മാറ്റിയെന്നും ഇത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും യു.എ ലത്തീഫ് എം.എൽ.എ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ ബോധവത്കരണ പ്രവർത്തനങ്ങളും നടപടികളും സ്വീകരിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോധവത്കരണ പ്രവർത്തികൾ പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെയും ഫയർ റെസ്‌ക്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം അടക്കമുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ ലൈസൻസില്ലാതെ സർവീസ് നടത്തുന്ന ബോട്ടുകൾ കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും എം.എൽ.എമാർ പറഞ്ഞു.  പരിശോധന നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവിയോടും പോർട്ട് ഓഫീസറോടും  ആവശ്യപ്പെട്ടു.
സർക്കാർ ഓഫീസുകളിൽ സർക്കാർ ഉത്തരവനുസരിച്ചുള്ള ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ഓഫീസുകളിലെ മാലിന്യം തരം തിരിച്ച് ഹരിത കർമസേനക്ക് നൽകണം. മാലിന്യ സംസ്‌കരണത്തിന് ഓഫീസുകൾ കേന്ദ്രീകരിച്ച് സൗകര്യമൊരുക്കുണം. വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മാലിന്യസംസ്‌കരണം മാതൃകാപരമായി നടപ്പിലാക്കണമെന്നും അതിനായി മിനി എം.സി.എഫുകൾ സ്ഥാപിക്കണമെന്നും കളക്ടർ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ പി. ഉബൈദുള്ള, യു.എ ലത്തീഫ്, പി അബ്ദുൾ ഹമീദ്, നജീബ് കാന്തപുരം, പി നന്ദകുമാർ, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈൻ, കുറുക്കോളി മൊയ്തീൻ,  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്‌മാൻ, ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ, എ.ഡി.എം എൻ.എം മെഹറലി, സബ് കളക്ടർമാരായ സച്ചിൻകുമാർ യാദവ്, ഡി രഞ്ജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close