Kozhikode

ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം : കലക്ടർ

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്.  കലക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ഇടങ്ങളിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണം. പ്രചാരണത്തിന് പ്രകൃതി സൗഹൃദ സാമഗ്രികൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃക പെരുമാറ്റ ചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി 26  ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളും 39 ഫ്ലയിങ് സ്ക്വാഡുകളും വീഡിയോ സർവെയ്‌ലൻസ് ടീമുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.  കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ വരണാധികാരി ജില്ലാ കലക്ടറും പ്രത്യേകം ചുമതലപ്പെടുത്തിയ ഉപവരണാധികാരി കോഴിക്കോട് സബ് കലക്ടറും ആയിരിക്കും.   വടകര മണ്ഡലത്തിന്റെ വരണാധികാരി എ ഡി എമ്മും പ്രത്യേകം ചുമതലപ്പെടുത്തിയ ഉപവരണാധികാരി വടകര റവന്യു ഡിവിഷണൽ ഓഫീസറും ആയിരിക്കും. പൊതു അവധി അല്ലാത്ത ദിവസങ്ങളിൽ നോമിനേഷനുകൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

ഓരോ സ്ഥാനാർത്ഥിക്കും പരമാവധി ചെലവാക്കാൻ കഴിയുന്ന തുക 95 ലക്ഷം രൂപയാണ്. സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക നൽകുന്നത് വരെയുള്ള  പ്രചാരണ സാമഗ്രികളുടെ ചെലവുകൾ അതാത് രാഷ്ട്രീയ പാർട്ടികളുടെ ചെലവിൽ രേഖപ്പെടുത്തും. 

 എഡിഎം അജീഷ് കെ,  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ വി മോഹൻ, സീനിയർ ഫിനാൻസ് ഓഫീസർ കെ മനോജൻ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി മോഹനൻ മാസ്റ്റർ ( സിപിഐഎം), പി കെ നാസർ (സിപിഐ), പി എം അബ്ദുറഹ്മാൻ ( ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എം എ റസാക്ക് മാസ്റ്റർ ( മുസ്ലിം ലീഗ്), വി പി ശ്രീപത്മനാഭൻ (ബിജെപി), പി ടി ആസാദ് (ജനതാദൾ എസ്) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close