Kozhikode

കക്കോടി ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭാവിയെ മുന്നിൽ കണ്ടുള്ള ഇടപെടലുകൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഒരു നാടിന് വികസനം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാറമ്മൽ പുതിയേടത്ത് താഴം റോഡ്, പറമ്പിൽപ്പള്ളി – എടക്കണ്ടിയിൽ റോഡ്, പുറത്തോട് – മൂത്തേടത്ത്കുഴി റോഡ്, എളേടത്ത് – തൈക്കണ്ടിയിൽ റോഡ്, കിരാലൂർ – പടിഞ്ഞാറ്റുംമുറി റോഡ് നവീകരണം, പൂനൂർ പുഴ സംരക്ഷണ ഭിത്തി, മൂത്തേടത്ത്, കിരാലൂർ അങ്കണവാടികളുടെ നവീകരണം, കിരാലൂർ പുഞ്ചത്തോട് സംരക്ഷണ ഭിത്തി, കല്ലിട്ടപാലം  വീതി കൂട്ടൽ എന്നീ വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് വികസന സമിതി മൂന്നുവർഷം പിന്നിട്ടതിന്റെ  ആഘോഷ പരിപാടിയും സംഘടിപ്പിച്ചു. കിരാലൂർ എ യു പി സ്കൂളിൽ നടന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി സംഘടിപ്പിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ നിർവഹിച്ചു.

വാർഡ് മെമ്പർ കെ ടി സാഹിദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൈതമോളി മോഹനൻ മുതിർന്ന പൗരന്മാരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താഴത്തയിൽ ജുമൈലത്ത് കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നവരെ ആദരിച്ചു. വാർഡ് വികസന സമിതി കൺവീനർ ജയരാജൻ പറമ്പത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി കെ പ്രേമവല്ലി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close