Kottayam

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം പുരോഗമിക്കുന്നു: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ

പതിനെട്ടാമത് ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മാർച്ച് 28ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലുവരെ നാമനിർദ്ദേശപത്രിക നൽകാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന് ജൂൺ ആറുവരെ പ്രാബല്യമുണ്ട്. രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരുമടക്കം മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം.

  • സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി. സ്‌ക്വാഡുകൾക്ക് പരിശീലനം നൽകി.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വ്യാജമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധപ്രവർത്തികളും പരിശോധിക്കുന്നതിനായി 84 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടത്തും. ഒരു സംഘത്തിൽ പൊലീസടക്കം നാലു പേരാണുള്ളത്.
പ്രചാരണങ്ങൾ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി 36 ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റുകൾ, പൊതുയോഗങ്ങൾ മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചാണോ സ്ഥാപിച്ചതെന്നും സംഘടിപ്പിക്കുന്നതെന്നും സ്‌ക്വാഡ് പരിശോധിക്കും. ഒരു സംഘത്തിൽ പൊലീസടക്കം അഞ്ചു പേരാണുള്ളത്.
അനധികൃത ഇടപാടുകളുടെ പരിശോധനകൾക്കായി 54 ഫ്‌ളൈയിങ് സ്‌ക്വാഡും 24 മണിക്കൂറും സജ്ജമാണ്. ഒരു സംഘത്തിൽ പൊലീസടക്കം അഞ്ചു പേരാണുള്ളത്. 36 വീഡിയോ സർവൈലൻസ് സംഘങ്ങളെയും ഒൻപത് വീഡിയോ വ്യൂവിംഗ് സംഘത്തെയും നിയോഗിച്ചു. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി 10 അക്കൗണ്ടിങ് സംഘത്തെയും നിയോഗിച്ചു.
 

  • സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കും

തെരഞ്ഞെടുപ്പ് കാലത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാതല ബാങ്കേഴ്‌സ് സമിതിയിൽ ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാനാർഥികളുടെ അക്കൗണ്ടിലെ ഒരു ലക്ഷത്തിനു മുകളിലുളള ഇടപാടുകളും നിരീക്ഷിക്കും. സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്ന സ്ഥാനാർഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾ നിരീക്ഷിക്കും. എടിഎം കൗണ്ടറുകളുടെ പ്രവർത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകൾ സൂക്ഷിക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ അതിർത്തികളിലടക്കം പണം, മദ്യം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധപ്രവർത്തികളും പരിശോധിക്കുന്നതിനായി 27 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങൾ പരിശോധനയ്ക്കുണ്ട്. പൊതുജനങ്ങൾ പരിശോധനയുമായി സഹകരിക്കണം. 50,000  രൂപയിൽ കൂടുതലായി കൈവശം സൂക്ഷിക്കുന്ന പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റു സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണം.

  • സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്നത് 95 ലക്ഷം രൂപ

സ്ഥാനാർഥികൾക്ക് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന പരമാവധി തുക 95 ലക്ഷം രൂപയാണ്. ഇതിനായി പുതിയ ബാങ്ക് അക്കൗണ്ട് നോമിനേഷൻ കൊടുക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ആരംഭിക്കണം. ഈ അക്കൗണ്ട് വിവരം നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം നൽകണം. സ്ഥാനാർഥികൾ പ്രചാരണത്തിന് ചെലവാക്കുന്ന തുക സംബന്ധിച്ച അക്കൗണ്ട് ഓരോ ദിവസവും തയാറാക്കി വയ്ക്കണം. സ്ഥാനാർഥിയുടെ ചെലവ് സംബന്ധിച്ച കണക്കെടുപ്പ് ഓരോ അസംബ്ലി മണ്ഡലത്തിലെയും  അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർമാർ നിരീക്ഷിച്ചു വിലയിരുത്തും.  

  • 1564 പോളിങ് സ്റ്റേഷനുകൾ

ജില്ലയിൽ മൊത്തം 1564 പോളിങ് സ്റ്റേഷനുകളാണുള്ളത്. 1371 എണ്ണം ഗ്രാമീണമേഖലയിലും 193 എണ്ണം നഗരമേഖലയിലുമാണുള്ളത്. പാലാ -176, കടുത്തുരുത്തി-179, വൈക്കം-159, ഏറ്റുമാനൂർ-165, കോട്ടയം-171, പുതുപ്പള്ളി-182, ചങ്ങനാശേരി-172, കാഞ്ഞിരപ്പള്ളി-181, പൂഞ്ഞാർ-179 എന്നിങ്ങനെയാണ് നിയമസഭ മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങിനായി 6256 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. 360 വനിത പോളിങ് ഉദ്യോഗസ്ഥരുണ്ടാകുഗ. 1248 പേരെ കരുതൽ പോളിങ് ഉദ്യോഗ്‌സഥരായി നിയോഗിക്കും. പോളിങിനായി 1956 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റുമാണ് ആവശ്യമുള്ളത്. 2850 ബാലറ്റ് യൂണിറ്റുകളും 3295 കൺട്രോൾ യൂണിറ്റുകളും 2829 വിവി പാറ്റുകളും സജ്ജമാണ്.
പരാതികൾ നൽകാൻ സീ വിജിൽ ആപ്പ്
പരാതികൾ/സംശയങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
0481-2995029 എന്ന നമ്പരിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്. സീ വിജിൽ ആപ്പിലൂടെ ഓൺലൈനായി പരാതികൾ നൽകാം. 28 പരാതികൾ ഇതിനോടകം ലഭിച്ചു. 100 മിനിട്ടിനുള്ളിൽ തുടർനടപടി സ്വീകരിക്കും.

നിലവിൽ വോട്ടർമാർ 15.69 ലക്ഷം

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. പുതിയ വോട്ടർമാർ 26715  പേർ. 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് 2328 പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്.
മാർച്ച് 26 വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ അപേക്ഷകൾ പരിഗണിച്ച് പുതുക്കിയ വോട്ടർപട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.  
 

  • വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച്

പുതുപ്പള്ളി-1,76,534
പൂഞ്ഞാർ-1,86,232
പാലാ-1,82,825
കടുത്തുരുത്തി-1,84,603
കോട്ടയം-1,60,862
ഏറ്റുമാനൂർ-1,65,152
വൈക്കം-1,60,813
……………………………..
ചങ്ങനാശേരി-1,69,002
കാഞ്ഞിരപ്പള്ളി-1,83,440
……………………………..
പിറവം- 2,03,135
……………………………..

  • തെരഞ്ഞെടുപ്പു പരസ്യങ്ങൾക്ക്
  • പ്രീ സർട്ടിഫിക്കേഷൻ നിർബന്ധം

സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേബിൾ-ടിവി ചാനലുകൾ, റേഡിയോ, സോഷ്യൽമീഡിയ, ഇ-ന്യൂസ് പേപ്പർ, ബൾക്ക് എസ്.എം.എസ്, വോയിസ്‌മെസേജ് എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമാതീയറ്ററുകളുംവഴി പരസ്യങ്ങൾ നൽകുന്നതിനും പൊതുസ്ഥലങ്ങളിൽ ശ്രവ്യ-ദൃശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ(എം.സി.എം.സി.) പ്രീ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കാനും എം.സി.എം.സി. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ് പ്രീസർട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. അപേക്ഷ നൽകി 24 മണിക്കൂറിനകം സർട്ടിഫിക്കേഷൻ നൽകും.
ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങൾ സർട്ടിഫൈ ചെയ്യുന്നതിനും അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളിൽ പണം നൽകി വാർത്തകൾ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യുണ്ടോയെന്നു പരിശോധിക്കാനും ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കാനുമാണ് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി. ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ സമിതിയുടെ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമാണ്.
ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പരസ്യം നൽകുന്നത് സ്ഥാനാർഥികളോ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോ ആണെങ്കിൽ ടെലികാസ്റ്റ്  ചെയ്യുന്നതിന് കുറഞ്ഞത് മൂന്നു ദിവസം മുൻപെങ്കിലും പരസ്യം എം.സി.എം.സി സെല്ലിൽ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴു ദിവസം മുൻപ് സമർപ്പിക്കണം.
പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പുകളും(സി.ഡിയിൽ) അപേക്ഷകൻ സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നൽകണം. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നൽകേണ്ടത്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കുന്ന  പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ പരസ്യത്തിന് പ്രദർശനാനുമതി നിഷേധിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്.  
തെരഞ്ഞെടുപ്പിന്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കാൻ എം.സി.എം.സി. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും മാത്രമാണ് പത്ര പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ വേണ്ടത്. പ്രീസർട്ടിഫിക്കേഷന് നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയാണ് നൽകേണ്ടത്.
 അച്ചടി മാധ്യമങ്ങളിൽ  സ്ഥാനാർഥിയുടെ  അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും  ഉണ്ടായിരിക്കണം.
വ്യാജവാർത്തകൾക്കെതിരേ കർശന നടപടി
വ്യാജവാർത്തകൾ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള നടപടികൾ എന്നിവയ്‌ക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങൾ നിരന്തരമായി നിരീക്ഷിക്കും.

  • പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ

പാലാ – സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ പാലാ
കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്
വൈക്കം-എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്. വൈക്കം
ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
കോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം
പുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം
ചങ്ങനാശേരി(മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെന്റ് ഡൊമനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ(പത്തനംതിട്ട മണ്ഡലം) – സെന്റ് ഡൊമനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി

  • വോട്ടെണ്ണൽ കേന്ദ്രം: കോട്ടയം ഗവൺമെന്റ് കോളജ്, നാട്ടകം

ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വലിയ പങ്കുണ്ട്.  തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും പൗരന്മാർക്കും വിലപ്പെട്ട വിവരങ്ങൾ നിങ്ങളിലൂടെയാണ് ലഭ്യമാകുന്നത്. തെരഞ്ഞെടുപ്പ് ഭംഗിയായി പൂർത്തിയാക്കാൻ പക്ഷപാതമില്ലാതെയും വസ്തുനിഷ്ഠമായും വാർത്തകൾ നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെ ഉളളടക്കങ്ങൾ നിരീക്ഷിക്കാൻ മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെൽ പ്രവർത്തിക്കും.
ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് സംബന്ധിയായ വിവരങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയെല്ലാം സമയാസമയങ്ങളിൽ മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിങ്ങൾക്ക് ലഭ്യമാക്കുന്നതാണ്. ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ മുഴുവൻ മാധ്യമപ്രവർത്തകരുടെയും പൂർണ സഹകരണം അഭ്യർഥിക്കുന്നു.

വാർത്താസമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close