Ernakulam

മില്ലറ്റ് ഫെസ്റ്റ് 2023: പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി

അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന മില്ലറ്റ് ഫെസ്റ്റ് 2023ന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശന വിപണന മേളയുടെ ആദ്യദിന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം നിർവഹിച്ചു. സമൂഹത്തിൽ നിരവധി പേർ നേരിടുന്ന ജീവിതശൈലി രോഗങ്ങൾക്ക് ഫലപ്രദമായ പ്രതിവിധിയാണ് മില്ലറ്റ് ധാന്യങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സനിതാ റഹിം പറഞ്ഞു. ചെറു ധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് ആരോഗ്യപരിപാലനത്തിന് അത്യന്താപേക്ഷിതമാണ്. കാലാവസ്ഥാ വ്യതിയാനത്താൽ ഇന്ന് പലരും കൃഷിയിൽ നിന്ന് പിന്മാറുകയാണ് എന്നാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ചെറു ധാന്യങ്ങളുടെ കാർഷിക രീതി. അട്ടപ്പാടി ഗോത്രവർഗ്ഗ വിഭാഗമാണ് ചെറുധാന്യങ്ങൾ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കർഷകരും ചെറുധാന്യങ്ങൾ കൃഷി ചെയ്തു വിജയം കൈവരിച്ചവരാണെന്നും വൈസ് പ്രസിഡന്റ്‌ പറഞ്ഞു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നത്. ആകാശവാണി കൊച്ചി നിലയം സാങ്കേതിക വിഭാഗം മേധാവി പി.ആർ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി സിന്ധു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി രവീന്ദ്രൻ, ലിസി അലക്സ്, സെക്രട്ടറി വൈ വിജയകുമാർ, കൃഷി വിജ്ഞാൻ കേന്ദ്ര പാലക്കാട്‌ പ്രോഗ്രാം കോഡിനേറ്റർ കെ. വി സുമയ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച (30)ഹൈബി ഈഡൻ എംപി നിർവഹിക്കും. ഉമാ തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയാകും. പ്രദർശന വിപണന മേളയുടെ ഭാഗമായി വരും ദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close