Ernakulam

ബ്രഹ്‌മപുരം: അപകട സാഹചര്യമുണ്ടായാൽ നേരിടാൻ പ്രത്യേക പ്രവർത്തന മാനദണ്ഡം തയാറാക്കും

മാലിന്യ പ്ലാന്റിലെ പ്രവര്‍ത്തന പുരോഗതി മന്ത്രി പി. രാജീവ് വിലയിരുത്തി

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഏതെങ്കിലും വിധത്തിലുള്ള അപകട സാഹചര്യ മുണ്ടായാൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രത്യേക പ്രവർത്തന മാനദണ്ഡം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) തയാറാക്കാൻ മന്ത്രി പി.രാജീവ് നിർദേശിച്ചു. അപകട സാഹചര്യത്തിൽ ഏതെല്ലാം ഉദ്യോസ്ഥരെയാണ് ബന്ധപ്പെടേണ്ടത്, ഓരോരുത്തരുടെയും ചുമതല ഏതെല്ലാം തുടങ്ങിയ വിവരങ്ങൾ പ്രവർത്തന മാനദണ്ഡത്തിലുണ്ടാകണം. പ്രവർത്തന മാനദണ്ഡം ഉടൻ തയാറാക്കാൻ മന്ത്രി ദുരന്ത നിവാരണ വിഭാഗത്തിന് നിർദേശം നൽകി. കൂടാതെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും മന്ത്രി നിർദേശിച്ചു. സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുമായി ആലോചിച്ച് ആശുപത്രികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സ്ഥിതി വിലയിരുത്തണം. 

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് നിർദേശം. മന്ത്രിയും കൊച്ചി മേയർ എം.അനിൽ കുമാറും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

തീപീടിത്തമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാ ആഴ്ചയും യോഗം ചേരാന്‍ മന്ത്രി പി. രാജീവ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.

പ്ലാന്റില്‍ ഓട്ടോമാറ്റിക് വെറ്റ് റൈസര്‍, ഫയർ ഹൈഡ്രൻ്റുകൾ എന്നിവ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി പത്ത് ഫയർ ഹൈഡ്രൻ്റുകൾ പ്രവർത്തന സജ്ജമായി. മൂന്ന് ഫയർ മോണിറ്ററുകളും സജ്ജമായിട്ടുണ്ട്. ഉൾഭാഗത്തേക്കുള്ള റോഡുകൾ ഫയർ ടെൻഡറുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ ബലപ്പെടുത്തുന്നതിനുള്ള നടപടികൾ 25 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ഉത്തരവ് പുറത്തിറക്കും. ഈ റോഡിൽ ഫയർ എൻജിനുകൾ ഓടിച്ച് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പരിശോധന നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഫയർ ഹൈഡ്രൻ്റ് അടക്കമുള്ള സംവിധാനങ്ങളും രണ്ടാഴ്ചയിലാരിക്കൽ ഇത്തരത്തിൽ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കണം. 

പ്ലാൻ്റിൽ വൈദ്യുത തടസമുണ്ടായാൽ ഉപയോഗിക്കുന്നതിന് 200 കിലോവാട്ടിൻ്റെ ജനറേറ്റർ വാടകയ്ക്ക് എടുത്ത് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യപ്ലാന്റില്‍ വൈദ്യുത തടസം നേരിട്ടാല്‍ സമാന്തര സംവിധാനമൊരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ പുതിയൊരു ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകി. 

ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് മൂന്ന് ദിവസത്തിനകം സ്ഥാപിക്കും. ടാങ്കിലേക്കുള്ള കണക്ഷൻ ലഭ്യമാക്കുന്ന തിനും പ്ലാറ്റ്ഫോം നിർമ്മിക്കുന്ന തിനുമുള്ള പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കും.

പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയുടെ ആക്‌സസ് പോലീസിന് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ദുരന്ത നിവാരണ വിഭാഗത്തിനും ആക്‌സസ് ലഭ്യമാക്കിയിട്ടുണ്ട്. 

ഓരോ രണ്ട് മണിക്കൂർ ഇടവിട്ടും പ്ലാൻ്റിൽ വെള്ളം നനയ്ക്കുന്നുണ്ട്. ഇതിനായി 50 ഫയർ വാച്ചർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് ഫയർ ആൻ്റ് റെസ്ക്യൂവിൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. പകൽ 11 മുതൽ 2 വരെയുള്ള സമയത്ത് വെള്ളം നനയ്ക്കൽ ഊർജിതമാക്കണമെന്നും നിർദേശം നൽകിയതായി കോർപ്പറേഷൻ അറിയിച്ചു. 

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ചെല്‍സ സിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ്, ഫയര്‍, പോലീസ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close