Ernakulam

പുതുമയാർന്ന പദ്ധതികളുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയുടെ വികസനത്തിനും പട്ടികജാതി പട്ടിക വർഗ ക്ഷേമത്തിനും മുൻ തൂക്കമുള്ള ബജറ്റുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്. 7.97 കോടി രൂപ വരവും 7.93 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2024-25ലെ ബജറ്റ് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്  അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 

കാർഷിക മേഖലയിൽ പൊക്കാളി കൃഷി, സുഭിക്ഷ കേരളം പച്ചക്കറി കൃഷി, മില്ലറ്റ്, വാഴ, തരിശു നില പച്ചക്കറി, മഞ്ഞൾ കൃഷികൾ എന്നിവയ്ക്ക് പ്രത്യേകം തുക വകയിരുത്തി. ജനറൽ വിഭാഗം ഭവന നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 60 ലക്ഷം രൂപയാണ്. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരുടെ ഭവന നിർമ്മാണത്തിനായി 45 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്. 

സ്വയംതൊഴിൽ  സംരംഭങ്ങൾക്കായി 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഐടി സ്റ്റാർട്ടപ്പ് കെട്ടിടത്തിൽ വനിതാ വിഭാഗം ഐടി സംരംഭങ്ങൾ തുടങ്ങുന്നതിനായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഏഴര ലക്ഷം രൂപയും വകയിരുത്തി. 

വൃദ്ധജനങ്ങളുടെയും കിടപ്പുരോഗികളുടെയും സംരക്ഷണത്തിനും ആശ്വാസത്തിനുമായി പുതുമയാർന്ന നിരവധി പ്രോജക്ടുകൾ ആണ് ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം ആവിഷ്കരിച്ചിട്ടുള്ളത്. സമഗ്ര വൃദ്ധജന പരിപാലന പരിപാടിക്കായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൃദ്ധജനങ്ങൾക്കുള്ള ചികിത്സകൾ, പകൽവീടുകൾ, കൗൺസിലിംഗ്, മരുന്നുകൾ മുതലായവയ്ക്ക് പ്രത്യേക പദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്.  സംസ്ഥാന സർക്കാരിൻ്റെ വയോമിത്രം പദ്ധതിയിൽ പ്രോജക്ട് സംയോജിപ്പിച്ചിട്ടുണ്ട്. രണ്ടാം ബാല്യം എന്നാണ് ഈ പദ്ധതിയുടെ പേര്. 

കിടപ്പ് രോഗികൾക്കും ശ്വാസകോശ രോഗികൾക്കുമായി ഓക്സിജൻ കോൺസൻൻ്റേറ്ററുകൾ വാങ്ങി ഭവനങ്ങളിൽ ചികിത്സാ സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.   കിടപ്പ് രോഗികളെയും വൃദ്ധജനങ്ങളെയും ഭവനങ്ങളിൽ എത്തി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി മുതലായ ചികിത്സകൾ നടത്തുന്നതിന് വേണ്ടി സഞ്ചരിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിലേക്ക് 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത് 

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ കുടിവെള്ള സംവിധാനം ഒരുക്കുന്നതിന് 
18, 39,000 രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. സ്കൂൾ കുട്ടികളുടെ കായിക വളർച്ചയ്ക്ക് അടിസ്ഥാനം ഇടുന്നതിനു വേണ്ടി നാലരലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. സ്കൂൾ കുട്ടികളിൽ ഗാന്ധിജിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേക പരിപാടികൾ ഏറ്റെടുക്കുന്നതാണ്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തി  അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും അകറ്റി നിർത്താനുതകുന്ന പഠന പരിപാടികൾ സംഘടിപ്പിക്കുന്നതിന് തുക വകയിരുത്തി യിട്ടുണ്ട്.   

ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പിന് 
27, 63000 രൂപയും ഭിന്നശേഷി കലോത്സവത്തിനായി ഒരു ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. പട്ടികജാതി ക്കാർക്കുള്ള മെറിറ്റോറിയൽ സ്കോളർഷിപ്പിന് പത്തു ലക്ഷം രൂപയും പഠനമുറി നിർമ്മാണത്തിന് 30 ലക്ഷം രൂപയും  വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്നതിന് നാലരലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി കുടുംബങ്ങളുടെ അടുക്കള നവീകരണത്തിന് വകയിരുത്തിയിട്ടുള്ളത് 10 ലക്ഷം രൂപയാണ്. 

അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിന്റെ 30% തുക നീക്കി വച്ചിട്ടുണ്ട്. പട്ടികവർഗക്കാരുടെ നാട്ടറിവുകൾ ശേഖരിച്ച് രേഖയാക്കുന്നതിന് പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി അമ്പതിനായിരം രൂപ വകയിരുത്തിയിരിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ സമഗ്രോത്സവ പദ്ധതിക്കായി ആരണ്യകം എന്ന പേരിൽ പ്രത്യേക പ്രോജക്ട് നടപ്പാക്കുന്നതാണ്. ഇതിന് വേണ്ടി 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ് ഷാജി, എം.എസ് രതീഷ്, ശാന്തിനി  ഗോപകുമാർ, ലീനാ വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി  അംഗങ്ങളായ ഗാനാ അനൂപ്, ബബിതാ ദിലീപ് കുമാർ, ബ്ലോക്ക് അംഗങ്ങളായ ആൻ്റണി കോട്ടക്കൽ, സി.എം രാജഗോപാൽ, സിംന സന്തോഷ്, മണി ടീച്ചർ, സജനാ സൈമൺ, നിത സ്റ്റാലിൻ, ജെൻസി തോമസ്, എ.കെ മുരളീധരൻ സെക്രട്ടറി പി.വി പ്രതീക്ഷ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close