ErnakulamKerala

തൊഴില്‍ ഏജന്‍സികളുടെ ചൂഷണങ്ങള്‍ക്കെതിരെ  ജാഗ്രത പുലര്‍ത്തണം : വനിതാ കമ്മിഷന്‍ 

ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത്  വിദേശ രാജ്യങ്ങളിലെത്തിച്ച് ചൂഷണം ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. എറണാകുളം ജില്ലയില്‍ ഇത്തരം ഏജന്‍സികളുടെ 
പ്രവര്‍ത്തനം  സജീവമാണെന്നും   ഏജന്‍സികളെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധ്യക്ഷ പറഞ്ഞു.
  ഗാര്‍ഹീക ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന പീഡനത്തിനെതിരെ നിരവധി പരാതികളാണ് കമ്മിഷന്‍ മുന്‍പാകെ ലഭിക്കുന്നത്. വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍  ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണെന്നാണ് കമ്മിഷന്‍ മുന്‍പാകെ വരുന്ന പരാതിയില്‍ നിന്നും വ്യക്തമാകുന്നത്.
 ശമ്പളം നല്‍കാതിരിക്കല്‍, ജോലിയില്‍ നിന്നും പിരിച്ചുവിടല്‍, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം തുടങ്ങി ഔദ്യോഗിക തലത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരം പ്രശ്‌നങ്ങളുടെ  പരിഹാരത്തിനായി 
ആഭ്യന്തര പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.  കമ്മീഷനു മുന്‍പാകെ വരുന്ന പരാതികള്‍ പരിശോധിക്കുമ്പോള്‍  ആഭ്യന്തര പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ നിലവിലുണ്ടെന്നു  ബോധ്യപ്പെട്ടു. ഓരോ സ്ഥാപനങ്ങളിലും ആഭ്യന്തര പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനായി കമ്മീഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേകം പബ്ലിക് ഹിയറിങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
  ജില്ലാതല സിറ്റിങ്ങില്‍ 108 കേസുകളാണ്  പരിഗണിച്ചത്. ഇതില്‍ 16 കേസുകള്‍ തീര്‍പ്പാക്കി.  10 കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു കേസുകള്‍ കൗണ്‍സിലിങ്ങിന് നിര്‍ദേശിച്ചു. ബാക്കി കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. 
  കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close