Ernakulam

വള്ളംകളി ചരിത്രത്തിലെ അപൂര്‍വതയ്ക്ക് സാക്ഷിയായി പിറവം ഫൈനലില്‍ ടൈ ആയി പിബിസി വീയപുരവും യുബിസി നടുഭാഗവും

 ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ പിറവത്ത് നടന്ന നാലാം മത്സരം വള്ളംകളി ചരിത്രത്തിലെ തന്നെ അപൂര്‍വ ടൈയ്ക്ക് സാക്ഷിയായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരവും യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടനും ഒരേ സമയത്ത് ഫിനിഷ് ചെയ്തു. ഇരു ടീമുകളും 4മിനിറ്റ് 16 സെക്കന്‍റ് 5 മൈക്രോസെക്കന്‍റിനാണ് ഫിനിഷ് ചെയ്തത്. 
    വിജയിയെ തീരുമാനിക്കാന്‍ സെക്കന്‍റിനെ പതിനായിരമായി വിഭജിച്ചിട്ടും ഇരു ടീമുകളുടെയും സമയം തുല്യമായിരുന്നുവെന്ന് സിബിഎല്‍ മാനേജിംഗ് കമ്മിറ്റി അറിയിച്ചു. ഇതോടെ വള്ളംകളിയുടെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിലെ അപൂര്‍വതയ്ക്ക് പിറവത്തെ മുവാറ്റുപുഴയാര്‍ സാക്ഷിയായി.
    പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു(4.23.2 മിനിറ്റ്). തുടര്‍ച്ചയായി പെയ്ത മഴയില്‍ കുത്തൊഴുക്കിനെതിരെ പടപൊരുതി ഒമ്പത് വള്ളങ്ങളും മികച്ച പ്രകടനം നടത്തി.


    ഫൈനല്‍ തുഴയലില്‍ തുടക്കം മുതല്‍ അല്‍പം മുമ്പിലായിരുന്ന യുബിസി നടുഭാഗം ഒരു ഘട്ടത്തില്‍ പോലും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. അവസാന നൂറു മീറ്ററില്‍ അവിശ്വസനീയമായ കുതിപ്പിന് പേരു കേട്ട പിബിസി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരേ സമയത്തിനാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലെ അപേക്ഷിച്ച് ഇത്തവണ യുബിസി കൈനകരിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ സിബിഎല്ലിന്‍റെ തുടര്‍ മത്സരങ്ങള്‍ അത്യന്തം ആവേശമാവുകയാണ്. 
സിബിഎല്‍ ഇരട്ട ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കഴിഞ്ഞ തവണ കാലിടറിയ പിറവത്ത് ഇക്കുറി തീപാറുന്ന മത്സരമാണ് നടന്നത്. കഴിഞ്ഞ തവണ പിറവത്ത് തീപാറിച്ച എന്‍സിഡിസി(മൈറ്റി ഓര്‍സ്) നിരണം ചുണ്ടന്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്നു. മൂന്നാം ഹീറ്റ്സില്‍ ഒന്നാമതെത്തിയെങ്കിലും മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തില്‍ ഫൈനല്‍ നഷ്ടപ്പെടുകയായിരുന്നു.
മൈറ്റി ഓര്‍സ്(നിരണം)എന്‍സിഡിസി (നാല്), റിപ്പിള്‍ ബ്രേക്കേഴ്സ്(കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ് (അഞ്ച്), ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ്(ആറ്) പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി)വിബിസി(ഏഴ്), തണ്ടര്‍ ഓര്‍സ്(പായിപ്പാടന്‍)കെബിസി/എസ്എഫ്ബിസി(എട്ട്), ബാക്ക് വാട്ടര്‍ കിംഗ്സ്(സെ. പയസ്)നിരണം ബോട്ട് ക്ലബ്(ഒമ്പത്) എന്നിങ്ങനെയാണ് പിറവത്തെ വിജയനില.
സിബിഎല്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആകെ 40 പോയിന്‍റുമായി പിബിസി വീയപുരമാണ് മുന്നില്‍. 36 പോയിന്‍റുമായി യുബിസി നടുഭാഗവും 28 പോയിന്‍റുമായി എന്‍സിഡിസി നിരണവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.


പിറവം എംഎല്‍എ അനൂപ് ജേക്കബ് അധ്യക്ഷനായ ചടങ്ങില്‍ വ്യവസായമന്ത്രി പി രാജീവ് പിറവം വള്ളംകളിയും സിബിഎല്‍ നാലാം മത്സരവും ഉദ്ഘാടനം ചെയ്തു. എല്ലാ സീസണിലും സഞ്ചാരികള്‍ക്ക് കേരളത്തില്‍ മികവാര്‍ന്ന ടൂറിസം ഉത്പന്നങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.  പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, സിനിമാതാരം ലാലുഅലക്സ്, പിറവം നഗരസഭാ ഉപാധ്യക്ഷന്‍ കെ പി സലീം, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
താഴത്തങ്ങാടി, കോട്ടയം, (ഒക്ടോബര്‍ 7), പുളിങ്കുന്ന്, ആലപ്പുഴ(ഒക്ടോബര്‍ 14), കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 21), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close