Ernakulam

ഹരിത കർമ്മ സേനയുടെ പ്രവർത്തനം മാതൃക: ജില്ലാ കളക്ടർ

മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ഹരിത കർമ്മ സേനയുടെ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ പറഞ്ഞു. 
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനോടനുബന്ധിച്ച്  നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിന്റെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കർമ്മ സേനാംഗങ്ങളെ  ബഹുമാനിക്കേണ്ടതും അവർക്ക് അർഹമായ ആദരം നൽകേണ്ടതും സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂട ത്തിന്റെയും നവകേരള ക്യാമ്പയിൻ സെക്രട്ടേറിയറ്റിന്റെയും  നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ എറണാകുളം ഗവ.ലോ കോളേജിലെ എം. ഉമേഷും സംഘവും ഒരുക്കിയ ‘സ്കാവഞ്ചേഴ്സ്’ ഒന്നാം സ്ഥാനം നേടി. കോതമംഗലം യെൽദോ മാർ ബസേലിയോസ് കോളേജിലെ ജോസഫ് ജേക്കബ്ബിന്റെയും സംഘത്തിന്റെയും ‘പേപ്പർ ലൗ സ്റ്റോറി’  എന്ന ചിത്രം രണ്ടാം സ്ഥാനവും എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ  എസ് എസ് അഭിജിത്തിന്റെയും സംഘത്തിന്റെയും ‘കാക്ക’  എന്ന ചിത്രം മൂന്നാം സ്ഥാനവും നേടി.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയുടെ സേവനം  സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കും വിധമാണ് ഓരോ ഷോർട്ട് ഫിലിമും ഒരുക്കിയിട്ടുള്ളത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങളെ അസി. കളക്ടർ നിഷാന്ത് സിഹാര ആദരിച്ചു. സബ് കളക്ടർ കെ.മീര, ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ നിഫി എസ്. ഹക്ക്, നവ കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ  എസ് രഞ്ജിനി, ശുചിത്വ മിഷൻ  പ്രോഗ്രാം ഓഫീസർ ധന്യ ജോസി, കേരള ഖരമാലിന്യ പരിപാലന പദ്ധതി  സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ദൻ എസ്. വിനു, ശുചിത്വ മിഷൻ  ഐ.ഇ.സി. അസിസ്റ്റന്റ് കോ- ഓഡിനേറ്റർ കെ.ജെ. ലിജി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close