Ernakulam

സാമൂഹ്യ വികസന മേഖലയിൽ നവകേരളം കർമ്മ പദ്ധതിയുടെ പങ്ക് നിർണായകം

കേരളത്തിന്റെ സാമൂഹ്യ വികസന മേഖലയിൽ ഉണ്ടായ മുന്നേറ്റങ്ങളിൽ നവകേരളം കർമ്മ പദ്ധതിയുടെ പങ്ക് നിർണായകമാണെന്ന് ജില്ലാമിഷൻ യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന നവകേരളം കർമ്മ പദ്ധതി 2 ന്റെ ജില്ലാമിഷൻ യോഗത്തിലാണ് വിലയിരുത്തൽ. 

നവകേരളം കർമ്മ പദ്ധതിയിൽ ഉൾപ്പെടുന്ന നാലു മിഷനുകളുടെയും ഏജൻസികളുടെയും ഏകോപനവും  പദ്ധതികളുടെ സംയോജനവും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പരമാവധി ലഭ്യമാക്കണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചു.

നവകേരളം കർമ്മ പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തണമെന്ന്  കെ ജെ മാക്സി എംഎൽഎ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  ബഹുജനങ്ങളെ അണിനിരത്തി ഏജൻസികളുടെ ഏകോപനവും സർക്കാർ പദ്ധതികളുടെ സംയോജനവും വഴി വരും വർഷങ്ങളിൽ നവകേരള കർമ്മ പദ്ധതിയുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാല് മിഷനുകളുടെയും  സംയോജനം പരമാവധി പ്രയോജനപ്പെടുത്തി അതാത് ഉദ്യോഗസ്ഥർ എം.എൽ.എ.മാർക്ക്  കൃത്യമായ ധാരണ  നൽകണമെന്ന്  പി.വി.ശ്രീനിജിൻ എം എൽ എ പറഞ്ഞു.  അതിലൂടെ ഓരോ മണ്ഡലത്തിലും ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കി പരമാവധി സാധ്യത പ്രയോജനപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ അതത് മിഷൻ കോ ഓഡിനേറ്റർമാർ ഓരോ മിഷന്റെയും  പദ്ധതികളും പ്രവർത്തനങ്ങളും അവതരിപ്പിച്ചു. 

ലൈഫ് മിഷൻ, ഹരിത കേരള മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം ഉൾപ്പെടുന്ന നവകേരളം കർമ്മ പദ്ധതി കേരളത്തിന്റെ വികസന വിടവുകൾ നികത്താനും വികസന വെല്ലുവിളികൾക്ക് പരിഹാരം കണ്ടുകൊണ്ട്  നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ആരംഭിച്ചത്. ജനങ്ങളുടെ അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനും നവകേരള കർമ്മ പദ്ധതിക്ക് സാധിച്ചു.

 ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ പി എ ഫാത്തിമ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റർ  എസ് രഞ്ജിനി, ലൈഫ് മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ കെ സുബ്രഹ്മണ്യൻ, ആർദ്രം മിഷൻ ജില്ലാ കോ ഓഡിനേറ്റർ  ഡോ. പ്രസ്ലിൻ, വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റർ  ഡാൽമിയ തങ്കപ്പൻ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close