Ernakulam

കേരളം ബാലവിവാഹ മുക്ത സംസ്ഥാനമാകും: ബാലാവകാശ കമ്മീഷൻ

കേരളത്തിനെ ബാലവിവാഹ മുക്ത സംസ്ഥാനമായി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ. സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച എസ്. പി.സി അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷൻ.

നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും എസ്പിസി അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും ബോധവൽക്കരണം നൽകുന്നതിലൂടെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. തിന്മകൾക്കെതിരെ പോരാടാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. 

കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിചരണം നൽകണം. കുട്ടികൾക്കും അഭിപ്രായങ്ങളുണ്ട്, അത് മാനിക്കപ്പെടണം. 2015ലാണ് ബാലനീതി നിയമം നിലവിൽ വന്നത്. നിയമം അനുശാസിക്കുക എന്നത് ഏതൊരു പൗരന്റെയും കർത്തവ്യമാണ്.

അതിക്രമങ്ങൾ കുറയ്ക്കാനാണ് പ്രവർത്തിക്കേണ്ടത്. കുടുംബശ്രീയുടെ നേതൃത്വത്തിലും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് നന്മയും തിന്മയും കുട്ടികൾ തിരിച്ചറിയണമെന്നും കേരളത്തിന് മാതൃകയാകുന്ന രീതിയിൽ കുട്ടികൾ വളരണമെന്നും കമ്മീഷൻ പറഞ്ഞു.

എറണാകുളം എ.ആർ ക്യാമ്പിൽ സംഘടിപ്പിച്ച യോഗത്തിൽ എസ്.പി.സി എറണാകുളം എ. ഡി. എൻ. ഒ (അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ) സൂരജ് കുമാർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ അവകാശങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നീ വിഷയങ്ങളിൽ  സംഘടിപ്പിച്ച ശില്പശാലയിൽ റിസോഴ്സ് പേഴ്സൺ ദേവി പി ബാലൻ, ശിശു സംരക്ഷണ യൂണിറ്റ് പ്രതിനിധി എസ് സിനി എന്നിവർ ക്ലാസുകൾ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close