ErnakulamUncategorized

ഭരണഘടനയും കാലിഗ്രാഫിയും ഇന്നിന്റെ കാലഘട്ടത്തിൽ ഒരു പോലെ പ്രസക്തമാണെന്ന് മന്ത്രി പി രാജീവ്.

കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവൽ കൊച്ചി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ തിരുത്തലുകളിലൂടെയും, നവീകരണങ്ങളിലൂടെയുമാണ് ഓരോ കലയും അതിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷവും പതിനൊന്ന് മാസവുമെടുത്ത് തയ്യാറാക്കിയ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയാണ് തനിക്ക് ഈയവസരത്തിൽ ഓർമ വരുന്നതെന്നും, കാലിഗ്രാഫിയെ വെറും അക്ഷരങ്ങളുടെ കലയായി മാത്രം ഒതുക്കി നിർത്താൻ കഴിയില്ലായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ നാരായണ ഭട്ടതിരി, ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന്റെ (₹) സ്രഷ്ടാവായ ഉദയ് കുമാർ, ടി കലാധരൻ, ജെസ്സി നാരായണൻ, അനു ചെറിയാൻ എന്നിവർ സംസാരിച്ചു.

കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും, കേരള ലളിതകലാ അക്കാദമിയും, മലയാളം കാലിഗ്രഫിയെ ലോകപ്രശസ്തമാക്കിയ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കചടതപ’ ഫൗണ്ടേഷനും ചേര്‍ന്നാണ് ഒന്നാമത് അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 2 ന് തുടങ്ങി നാല് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ ലോകപ്രശസ്ത ഹീബ്രു കാലിഗ്രാഫറായ മിഷേല്‍ ഡി അനസ്റ്റാഷ്യോ, ഇറാനില്‍ നിന്നുള്ള മസൂദ് മൊഹബിഫാര്‍, ഏഷ്യന്‍ കാലിഗ്രഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റും കാലിഗ്രാഫറുമായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജിന്‍-യങ് എന്നിവര്‍ക്കു പുറമേ, ഇന്ത്യൻ അക്ഷരകലയുടെ കുലപതി എന്നറിയപ്പെടുന്ന അച്യുത് പാലവ്, ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന്റെ (₹) സ്രഷ്ടാവായ ഉദയ് കുമാർ, മുംബൈ ഐ.ഐ.ടി പ്രഫസറായ ജി.വി.ശ്രീകുമാര്‍, പൂശപതി പരമേശ്വര രാജു, അഹമ്മദാബാദ് എന്‍. ഐ. ഡി അദ്ധ്യാപകനായ തരുണ്‍ ദീപ് ഗിര്‍ധര്‍, പിക്റ്റോറിയല്‍ കാലിഗ്രാഫറും സംഗീതജ്ഞയുമായ ഖമര്‍ ഡാഗര്‍, അശോക് പരബ്, നിഖില്‍ അഫാലെ, ഇങ്കു കുമാര്‍, അശോക് ഹിന്‍ഗേ, ഷിപ്ര റൊഹാട്ഗി, അക്ഷയാ തോംബ്രേ, പ്രഫസര്‍ കെ.സി.ജനാര്‍ദ്ദനന്‍, രഘുനിത ഗുപ്ത, മുകേഷ് കുമാര്‍, മലയാളം കാലിഗ്രാഫര്‍ നാരായണഭട്ടതിരി തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള പതിനാറ് കാലിഗ്രാഫര്‍മാരും പങ്കെടുക്കുന്നുണ്ട്.

ലോകത്തെ വിവിധ ഭാഷകളിലുള്ള നൂറ്റിയമ്പതോളം കാലിഗ്രഫി രചനകളുടെ പ്രദര്‍ശനം പൊതജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് വ്യാഴാഴ്ച സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close