Ernakulam

വൈപ്പിൻ മണ്ഡലത്തിൽ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം

വൈപ്പിൻ നിയോജക മണ്ഡലത്തിൽ ആസ്തി വികസന ഫണ്ട്‌, പ്രത്യേക വികസന ഫണ്ട്‌, പ്രളയ ഫണ്ട്‌ എന്നിവ പ്രകാരം അനുമതി ലഭിച്ച  പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് 
കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എയുടെ നിർദേശം.

പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർദേശം.

ആസ്തി വികസനം,  പ്രത്യേക വികസന നിധി,  എന്നിവയിൽ ഉൾപ്പെടുത്തിയ പദ്ധതികളുടെ നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി.
നായരമ്പലം, എടവനക്കാട്, മുളവുകാട് പഞ്ചായത്തുകളിലെ അങ്കണവാടികൾ, വൈപ്പിൻ ബ്ലോക്ക് ഓഫീസ് പുതിയ കെട്ടിടം, ഞാറക്കൽ പഞ്ചായത്തിലെ പ്രഭുസ് ലിങ്ക് റോഡ്, അച്ചുതൻ റോഡ്, പള്ളിപ്പുറം മൃഗാശുപത്രിയുടെ പുതിയ കെട്ടിടം തുടങ്ങി വിവിധ പദ്ധതികളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശിച്ചു.

പ്രളയഫണ്ട് മുഖേന അനുമതി ലഭിച്ച പദ്ധതികൾ വേഗത്തിലാക്കാനും ഭരണാനുമതി ലഭിച്ച  പ്രവർത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാനും യോഗത്തിൽ തീരുമാനിച്ചു. മണ്ഡലത്തിൽ രൂപപ്പെടുന്ന കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്  അസിസ്റ്റന്റ് ഡയറക്ടർ പി എച്ച് ഷൈൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close