Ernakulam

സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് .

പിറവം നിയോജകമണ്ഡലതല നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകവർഷം പദ്ധതിയുടെ ഒന്നാം ഘട്ടം വൻ വിജയകരമായാണ് പൂർത്തിയാക്കിയത്. അതേ നിലയിൽ രണ്ടാംഘട്ടം ഇപ്പോൾ പുരോഗമിക്കുന്നു. ഈ ഉദ്യമത്തിലൂടെ 61,000 സ്ത്രീകൾ പുതിയ സംരംഭത്തിലേക്ക് വന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

വ്യവസായരംഗത്ത് വലിയ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകി. ഐ.ബി.എം ഉൾപ്പെടെയുള്ള ലോകോത്തര കമ്പനികൾ ഓരോന്നായി സംസ്ഥാനത്തേക്ക് കടന്നുവരികയാണ്.

മറ്റ് മേഖലകളിലെന്നപോലെ സാങ്കേതിക രംഗത്തും കേരളം ഇന്ത്യയ്ക്ക് മാതൃകയാവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്ന കെ – സ്മാർട്ട് ഇന്ന് കൊച്ചിയിൽ തുടക്കമായി. ഈ സംവിധാനം നടപ്പിലാക്കാൻ കർണാടക സർക്കാർ കേരളത്തെ സമീപിക്കുകയും കരാർ ഒപ്പിടുകയും ചെയ്തു. എ.ഐ ക്യാമറ പദ്ധതിയെയും മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കുകയാണ്. പ്രളയ സമയത്ത് തമിഴ്നാട് സർക്കാരിനുവേണ്ടി ചെന്നൈയിൽ കൺട്രോൾ റൂം സജ്ജീകരിക്കാൻ നേതൃത്വം നൽകിയത് കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ ആണ്.

രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലും സമഗ്രമായ മാറ്റങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകൾ ഓരോന്നായി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെയും വ്യവസായ മേഖലയെയും കോർത്തിണക്കി പരമാവധി നൈപുണ്യ വികസനം ഉറപ്പാക്കുന്ന പദ്ധതികൾ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കി വരുന്നു. തിരുവനന്തപുരം എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ ഒരുക്കിയ വീസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിക്കപ്പെട്ട ദിനം കൂടിയാണിന്ന്. ഇത്തരത്തിൽ ഒരു നവ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനുള്ള ശ്രമം വിജയകരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close