Ernakulam

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്  കാര്യാലയം  ഹരിത ഓഫീസാകുന്നു

 കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും അനുബന്ധ ഓഫീസുകളും ഹരിത ഓഫീസാവുകയാണ്. അതിന്റെ ഭാഗമായി  ബ്ലോക്ക് പഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആറ് ഓഫീസുകൾക്ക്  ജി-ബിന്നുകൾ വിതരണം ചെയ്തു. എല്ലാ സർക്കാർ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഓഫീസിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് വളമാക്കി മാറ്റും. മറ്റുള്ളവയെ തരംതിരിച്ച് പ്രത്യേക ബിന്നുകളിലാക്കും. സാനിറ്ററി നാപ്കിനുകൾ  ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്  പ്രത്യേക ഇൻസിനിറേറ്റർ സ്ഥാപിക്കും. ഓഫീസ് പരിസരം പൂർണമായും പ്രകൃതി സൗഹൃദമാക്കുന്നതിനായി റിങ് കമ്പോസ്റ്റ് പിറ്റും ഒരുക്കും. പേപ്പർ പ്ലാസ്റ്റിക്, തെർമോകോൾ, ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം ബ്ലോക്ക്‌ പഞ്ചായത്ത് കാര്യാലയത്തിലും അനുബന്ധ ഓഫീസുകളിലും നിരോധിച്ചു.

ശാസ്ത്രീയമായ മാലിന്യ സംസ്കരണം നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമായ കാര്യമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ പറഞ്ഞു. മാലിന്യ സംസ്കരണത്തിന് വലിയ പ്രാധാന്യമാണ് ബ്ലോക്ക് പഞ്ചായത്ത് നൽകുന്നത്. ഇതിനകം  അഞ്ച് പഞ്ചായത്തുകൾക്ക് മാലിന്യ ശേഖരണത്തിനായി ഇ ഓട്ടോകൾ വിതരണം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഹരിത കർമ്മ സേനയ്ക്ക്  140 ട്രോളികൾ നൽകും. ഹരിത ഓഫീസായി മാറുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച  ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം നിസാമോൾ ഇസ്മായിൽ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.  ബ്ലോക്ക് പഞ്ചായത്തിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട  പ്രത്യേക ക്ലാസും  സംഘടിപ്പിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close