Ernakulam

റിപ്പബ്ലിക് ദിനാഘോഷം: ഭരണഘടന രാഷ്ട്രത്തിന്റെ നട്ടെല്ല്: മന്ത്രി കെ. രാജൻ

ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും ശ്രേഷ്ഠമായ നിലയിലേക്ക് ഉയരുന്നത് ഭരണഘടനയുടെ പിന്‍ബലത്തിലാണെന്നും അതുകൊണ്ടാണ് ഭരണഘടനയെ രാഷ്ട്രത്തിന്റെ നട്ടെല്ല് എന്ന് വിളിക്കുന്നതെന്നും മന്ത്രി കെ. രാജന്‍. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന എറണാകുളം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

മതബദ്ധമായ ഒരു രാഷ്ട്രബോധത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയുടെ ഭരണഘടനയുണ്ടാക്കിയത്. രാഷ്ട്രത്തിന് മതമില്ല എന്നും ജനങ്ങള്‍ക്ക് തങ്ങളുടെ മതവും ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും മുറുകെ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കാമെന്നുമാണ് മതനിരപേക്ഷ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രമൂല്യം. മതബദ്ധമായ ഒരു രാഷ്ട്രത്തിന് യാതൊരുതരത്തിലും വളരാനും വികസിക്കാനും കഴിയുകയില്ല എന്നും അതിവേഗം ആ രാഷ്ടം ഛിന്നഭിന്നമായി പോകും എന്നും കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള 389 അംഗങ്ങള്‍ മനസിലാക്കിയിരുന്നു. അങ്ങനെയൊരു ദുരന്തം സമീപഭാവിയില്‍ മാത്രമല്ല, വിദൂരഭാവിയില്‍ പോലും ഇന്ത്യയില്‍ സംഭവിക്കരുത് എന്നതായിരുന്നു അവരുടെ നിര്‍ബന്ധം.

ഇന്ത്യയുടെ മതേതര മനസില്‍ വിള്ളലുണ്ടാക്കി മനുഷ്യരെ തമ്മില്‍ വിഭജിച്ച് ഒരു മതരാഷ്ട്രമാക്കി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള നീക്കങ്ങളെ ഉയര്‍ന്ന ജനാധിപത്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. പവിത്രമായ നമ്മുടെ ഭരണഘടനയെ വെല്ലുവിളിക്കാനും, ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച പൈതൃകങ്ങളെയും വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളെയും അട്ടിമറിക്കാനും ആരെയും അനുവദിച്ചുകൂടാ. ഇന്ത്യയുടെ ആത്മാവാണ് ശ്രേഷ്ഠമായ ഭരണഘടന. അത് അസ്ഥിരപ്പെട്ടാല്‍ ഇന്ത്യ ഇല്ലാതാകും. വര്‍ഗീയമായ വേര്‍തിരിവുകളല്ല മനുഷ്യനെന്ന ഉയര്‍ന്ന വര്‍ഗബോധമാണ് നമ്മെ നയിക്കേണ്ടത്. വര്‍ഗീയതയ്ക്കുള്ള യഥാര്‍ത്ഥ ചികിത്സ വര്‍ഗഐക്യമാണ്.

രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവുമാണ് ഭരണഘടന നല്‍കുന്ന നാല് അമുല്യരത്നങ്ങള്‍. ഓഗസ്റ്റ് 15 നും ജനുവരി 26 നും മാത്രം ഓര്‍ക്കേണ്ടതല്ലിത്. നിരന്തരം പഠിക്കുകയും പഠിച്ചവ പുതുക്കുകയും ചെയ്യുക എന്നതാണ് ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തം. 1946 ഡിസംബര്‍ 11-ന് ജവഹര്‍ലാല്‍ നെഹ്റു ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിച്ച ഒരു ഒബ്ജക്റ്റീവ് പ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറിയത്. ഇന്ത്യ എന്തായിരിക്കണമെന്ന് ഭരണഘടനയുടെ ആമുഖം വ്യക്തമാക്കുന്നു. നമ്മുടെ ജീവശ്വാസമായ ഭരണഘടന, ഇന്ത്യയെ ഒരു പരമാധികാര- സോഷ്യലിസ്റ്റ്- മതനിരപേക്ഷ-ജനാധിപത്യ, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. അതിന്റെ പൗരന്മാര്‍ക്ക് തുല്യനീതി, അവസരസമത്വം, സമ്പൂര്‍ണ്ണസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്നു. ഒപ്പം സാഹോദര്യം വളര്‍ത്താനും വൈവിധ്യങ്ങളെ അംഗീകരിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നു. അങ്ങനെയാണ് നമ്മുടെ ഇന്ത്യ അവിശ്വസനീയമാംവിധം പ്രഭയുള്ള ഒരു രാഷ്ട്രമായി മാറുന്നത്.

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ആഗ്രഹിക്കുന്നത് ഏറ്റവും ചുരുങ്ങിയത് മൂന്ന് ഗ്യാരണ്ടികളാണ്. പിറന്ന മണ്ണില്‍ അന്തസ്സും ആത്മാഭിമാനവുമുള്ള മനുഷ്യരായി ജീവിക്കുന്നതിനുള്ള ഗ്യാരണ്ടി, ഭരണഘടന അന്യൂനം അഭംഗുരം സംരക്ഷിക്കപ്പെടുമെന്ന ഗ്യാരണ്ടി, ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഗ്യാരണ്ടി. ഈ മൂന്ന് ഗ്യാരണ്ടികളെങ്കിലും ലഭ്യമാകുമ്പോഴാണ് ഇന്ത്യയെന്ന സമഗ്രത സാക്ഷാത്കരിക്കപ്പെടുകയുള്ളു. ഈ നാടിന്റെ സ്വാത്രത്ര്യവും പരമാധികാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ രക്തംകൊണ്ടും ജീവന്‍കൊണ്ടും സ്വയം സാക്ഷ്യമായി തീര്‍ന്ന മഹാമനുഷ്യരുടെ ആത്മത്യാഗത്തിന്റെ മഹനീയപാഠങ്ങള്‍ ഈ ആഘോഷവേളയില്‍ നാം വീണ്ടും ഓര്‍മ്മിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിജി വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രസങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ നമുക്ക് നമ്മുടേതായ പങ്കുവഹിക്കാനുണ്ട്.

സബ് കാ സാഥ്, സബ് കാ വികാസ് എന്ന ആശയവും വികസിത ഭാരത് എന്ന ആശയവും യഥാര്‍ഥ്യമാകണമെങ്കില്‍ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്രവും സമ്പൂര്‍ണ്ണവുമായ വികസനമാതൃക സൃഷ്ടിക്കണം. അതുകൊണ്ടാണ് കേരളം സര്‍വതല സ്പര്‍ശിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസന നയസമീപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകത്തിന്റെ പ്രശംസ നേടിയ കേരള മോഡല്‍ പുതിയ തലത്തിലേയ്ക്ക് ഉയരുകയാണ്. സാമൂഹ്യനേട്ടങ്ങളില്‍ നിന്ന് പിന്നാക്കം പോകാതെ വ്യവസായ വളര്‍ച്ചയിലും ആധുനിക തൊഴില്‍ മേഖലയിലും കുതിപ്പുണ്ടാക്കുന്ന വിജ്ഞാന സമൂഹസൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ അധികാരം നാള്‍ക്കുനാള്‍ ചുരുക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഫെഡറലിസം ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും നവലിബറല്‍ നയങ്ങള്‍ക്കൊരു ബദലായിത്തന്നെ കേരളത്തെ നിലനിര്‍ത്തേണ്ടതുണ്ട്.

സ്ഥിതിസമത്വമാണ് ഇന്ത്യ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു അമൂല്യരത്നം. തുല്യനീതിയും അവസരസമത്വവുമാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നതുകൊണ്ട് നാം ആത്യന്തികമായി ലക്ഷ്യമിടുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയുള്ള മഹാരഥന്മാര്‍ സ്വീകരിച്ച ആശയമാണത്. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് വീക്ഷണവും മതേതരകാഴ്ചപ്പാടും ദേശകാലങ്ങളെ അതിജീവിക്കുകയും അതിന്റെ പ്രസക്തി ലോകമുള്ള കാലത്തോളം നിലനില്‍ക്കുകയും ചെയ്യും. സോഷ്യലിസവും മതേതരത്വവും ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്ന പുതിയകാലത്തിന്റെ ശക്തികളോട് സന്ധിയില്ലാത്ത പോരാട്ടത്തിന് സജ്ജരാകുന്നതിനും ഭരണഘടനയുടെ വെളിച്ചം വീണ്ടെടുക്കുന്നതിനും നെഹ്റുവിന്റെ ആശയങ്ങള്‍ നമുക്ക് മാര്‍ഗദീപമാകണം.

നമ്മുടെ രാഷ്ടത്തിന്റെ രക്താഭമായ വീരചരിത്രത്തെ, പോരാട്ടങ്ങളുടെ നാള്‍വഴികളെ ഓരോന്നോരോന്നായി തിരഞ്ഞുപിടിച്ച് തിരുത്തിയെഴുതാനുള്ള നീചനീക്കങ്ങള്‍ നടന്നുവരുന്ന ഈ കാലഘട്ടത്തില്‍ റിപ്പബ്ലിക് ദിനാചരണത്തിന്റെ ചരിത്രം വിസ്മരിച്ചുകൂടാ. 1929 ഡിസംബര്‍ 29-ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണസ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയതും അതേതുടര്‍ന്ന് ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണസ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചതും നമുക്ക് മറക്കാനാകില്ല. ആരെങ്കിലും തിരുത്തിയെഴുതാന്‍ പുറപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല ബഹുസ്വര ഇന്ത്യയുടെ മഹത്തായ ചരിത്രവും അന്തസ്സാര്‍ന്ന പാരമ്പര്യവും.

രാഷ്ട്രസേവനത്തിനുവേണ്ടി അതിര്‍ത്തികളില്‍ അധ്വാനിക്കുന്ന ജവാന്‍മാര്‍ക്കും അന്നമൂട്ടുന്ന കര്‍ഷകര്‍ക്കും കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കും രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങള്‍ നേടിയ മഹത്പ്രതിഭകള്‍ക്കും വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്കും ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. ജനാധിപത്യവും മതേരതരത്വവും സോഷ്യലിസവും പുലരുന്ന, എല്ലാവരുടെയും ശബ്ദം കേള്‍ക്കപ്പെടുന്ന, എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന, സഹിഷ്ണുതയും ബഹുസ്വരതയും വൈവിധ്യമാര്‍ന്ന പൈതൃകങ്ങളും ഉള്‍ച്ചേര്‍ന്ന, ജീവസ്സും ചൈതനൃവും നിറഞ്ഞ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് നമുക്ക് അക്ഷീണം യത്നിക്കാം എന്നും മന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്റെ ഭാഗമായി മന്ത്രിയും വിശിഷ്ട വ്യക്തികളും സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഉഷ ബിന്ദുമോള്‍, ബി. അനില്‍ കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍ കുമാര്‍ മോനോന്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close