AlappuzhaErnakulamIdukkiKottayam

വികസന പദ്ധതികള്‍ക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളം മേഖലാതല അവലോകന യോഗം

ഇടുക്കി,എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് സമയബന്ധിത നിര്‍വഹണം ഉറപ്പാക്കുന്നതിനായുള്ള സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ബോള്‍ഗാട്ടിയില്‍ നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവില്‍ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്.

എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ഈ നാല് ജില്ലകളിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ പദ്ധതികളുടെ പുരോഗതിയും പരിഹാരം കാണേണ്ട വിഷയങ്ങളും ജില്ലാ കളക്ടര്‍മാരായ ഷീബ ജോര്‍ജ് (ഇടുക്കി) എന്‍.എസ്.കെ. ഉമേഷ് (എറണാകുളം), വി. വിഘ്‌നേശ്വരി (കോട്ടയം), ഹരിത വി. കുമാര്‍ (ആലപ്പുഴ), എന്നിവര്‍ അവതരിപ്പിച്ചു.

അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത നവകേരളം, വിദ്യാകിരണം, ഹരിത കേരളം മിഷന്‍, ലൈഫ് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ പദ്ധതികളാണ് പ്രധാനമായും വിലയിരുത്തിയത്. കൂടാതെ ഓരോ ജില്ലയുമായും ബന്ധപ്പെട്ട പ്രധാനപ്പെട്ട മറ്റു വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, മാലിന്യമുക്ത നവകേരളം, ഹരിത കേരളം മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി അവതരണം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍വഹിച്ചു. വിദ്യാ കിരണം പദ്ധതി പുരോഗതി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് ലൈഫ് മിഷന്‍ പദ്ധതി അവതരണം നടത്തി. ജല വിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് കുമാര്‍ സിംഗ് ജലജീവന്‍ മിഷന്‍ പദ്ധതി അവതരിപ്പിച്ചു. മലയോര ഹൈവേ തീരദേശ ഹൈവേ പദ്ധതികളുടെ പുരോഗതി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു.

മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഡോര്‍ ടു ഡോര്‍ മാലിന്യ ശേഖരണത്തില്‍ നാല് ജില്ലകളും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ചതായി യോഗം വിലയിരുത്തി. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കക്കൂസ് മാലിന്യം അടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കുറഞ്ഞു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമായി തുടരും.

ജില്ലകളില്‍ എഫ്.എസ്.ടി (ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് )പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഓരോ ജില്ലയിലും വെഹിക്കിള്‍ മൗണ്ടഡ് എഫ് എസ് ടി പി പദ്ധതികളും പുരോഗമിക്കുകയാണ്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിര്‍മ്മാണത്തിനായി 5 കോടി, 3 കോടി, 1 കോടി രൂപയുടെ കിഫ്ബി പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. എറണാകുളം ജില്ലയില്‍ 5 കോടി രൂപ മുതല്‍മുടക്കിലുള്ള 15 സ്‌കൂളുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ആലപ്പുഴയിലും കോട്ടയത്തും ഒന്‍പതില്‍ എട്ടും ഇടുക്കിയില്‍ അഞ്ചില്‍ നാലും സ്‌കൂളുകളും നിര്‍മ്മാണം പൂര്‍ത്തിയായി.

ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകള്‍ മികച്ച പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. വേലിയേറ്റം മൂലം വീടുകളില്‍ വെള്ളം കയറുന്നത് സംബന്ധിച്ച പ്രശ്‌നം എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളെ ബാധിക്കുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് യോഗം നിര്‍ദേശിച്ചു. വേമ്പനാട് കായലിലെ എക്കല്‍ നിക്ഷേപം മൂലം കായലിന്റെ ആഴം ഗണ്യമായി കുറയുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നേരത്തേ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്കുതലത്തില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ തുടര്‍ച്ചയെന്ന രീതിയിലായിരുന്നു അവലോകന യോഗം. അതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിലെ പൊതുവായ വികസന പുരോഗതിയും യോഗം വിലയിരുത്തി.

വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close