THRISSUR

ഹരിത വിദ്യാലയനിറവിൽ കേച്ചേരി ഗവ. എൽ പി സ്കൂൾ

*ജില്ലയിൽ മൂന്നാമത്, ബ്ലോക്കിൽ ഒന്നാമത്

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമെന്ന പദവിയും ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി കേച്ചേരി ഗവ. എൽ പി സ്കൂൾ. സ്കൂളിന്റെ പൊതു ശുചിത്വം, മാലിന്യ പരിപാലനം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷി – പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികവാർന്ന പ്രവർത്തനം വിലയിരുത്തിയാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ഹരിത വിദ്യാലയമായി കേച്ചേരി ഗവൺമെന്റ് എൽ പി സ്കൂളിനെ പ്രഖ്യാപിച്ചത്. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് വിദ്യാലയത്തിന് ഈ നേട്ടം കരസ്‌ഥമാക്കാൻ സാധിച്ചത്.

‘നവകേരളം വൃത്തിയുള്ള കേരളം’ എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എന്ന ലക്ഷ്യത്തോടെ നവ കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഹരിത കേരളം മിഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിത വിദ്യാലയം.

ഹരിത വിദ്യാലയം സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് നിർവഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷയായി. നവകേരളം കർമ്മ പദ്ധതി ബ്ലോക്ക് ആർ പി ത്രിവിക്രമൻ പദ്ധതി വിശദീകരണം നടത്തി. പ്രധാനധ്യാപിക പി ബി സജിത, ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാഗി ജോൺസൺ, ചൊവ്വന്നൂർ ബി ആർ സി, ബിപിസി ഡി ആർ ലീജു, പി എം പി ടി എ പ്രസിഡന്റ്‌ ഫസീന, പി ടി എ പ്രസിഡന്റ് കെ എ അസ്ബർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close