Alappuzha

മാലിന്യം വലിച്ചെറിയാനുള്ളതല്ലെന്ന ബോധം വേണം, നിയമം ശക്തമാക്കും: മന്ത്രി എം.ബി രാജേഷ്

-ചേലൊത്ത ചേർത്തലയുടെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി

ആലപ്പുഴ: മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന ബോധം എല്ലാവർക്കും ഉണ്ടാകണമെന്നും ഇനി ബോധവത്ക്കരണത്തിനപ്പുറം നിയമവും ശക്തമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചേർത്തല നഗരസഭയുടെ ശുചിത്വ ക്യാമ്പയിനായ ചേലൊത്ത ചേർത്തലയുടെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ലോകത്തിന്റെ മുന്നിൽ അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങൾ കേരളത്തിനുണ്ട്. എന്നാൽ വൃത്തിയുടെ കാര്യത്തിൽ പിന്നിലാണ്. അവനവൻ നല്ല വൃത്തിയായി നടന്നിട്ട് പരിസരം വൃത്തികേടാക്കും. ഇതാണ് നമ്മുടെ രീതി. ഇത് ഒഴിവാക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കാൻ ആവശ്യമായ വേസ്റ്റ് ബിന്നുകൾ ഉണ്ടാകണം. അതിനാൽ ചടങ്ങുകളും പരിപാടികളും നടത്തുന്നിടത്തെല്ലാം വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം മാലിന്യ സംസ്കരണ പ്രവർത്തികളിൽ ചേർത്തല ഒരു നല്ല മാതൃകയാണെന്നും എല്ലാ നിലയിലും മാലിന്യ മുക്ത നവ കേരളത്തിന്റെ വഴികാട്ടിയാണ് ചേർത്തലയെന്നും മന്ത്രി പറഞ്ഞു.

കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ശരീരത്തിന് ഞരമ്പുകൾ എങ്ങനെയാണോ അതുപോലെ തന്നെയാണ് തോടുകളും. മാലിന്യം തള്ളാനുള്ള ഇടമല്ല തോടുകളെന്നും ആരോഗ്യമാണ് ജീവിതത്തിന്റെ ഏറ്റവും വലിയ അടിത്തറയെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പദവി കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയാണ് ചേർത്തല. 35 വാർഡുകളിലെയും മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണത്തിന് ബയോ ബിന്നുകൾ വിതരണം ചെയ്തും അജൈവ മാലിന്യ നിർമാർജനത്തിന് ഹരിത കർമ്മ സേനാംഗത്വം ഉറപ്പാക്കിയുമാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്.

അഡ്വ. എ.എം ആരിഫ് എം.പി ചേലൊത്ത ചേർത്തല 2.0 പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നടത്തി. മുട്ടം മുനിസപ്പിൽ മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ജി ബാലഭാസ്കരൻ, നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ശോഭ ജോഷി, ജി. രഞ്ജിത്ത് എ.എസ് സാബു, ഏലിക്കുട്ടി ജോൺ, മാധുരി സാബു, കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ,മിത്ര വിന്ദാഭായ്, നഗരസഭ ശുചിത്വ അംബാസിഡർ ഡോ. ബിജു മല്ലാരി, നഗരസഭാ സെക്രട്ടറി ടി.കെ സുജിത്, സി.ഡി.എസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ, ക്ലീൻസിറ്റി മാനേജർ എസ്. സുധീപ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close