Alappuzha

അംഗൻജ്യോതി പദ്ധതി; പെരുമ്പളത്തെ അങ്കണവാടികളിലേക്ക് ഊർജ സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു

ആലപ്പുഴ : പെരുമ്പളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ  അംഗൻജ്യോതി പദ്ധതിക്ക് തുടക്കം. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി അങ്കണവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗൻജ്യോതി. അങ്കണവാടികളെ കാർബൺ പുറന്തള്ളാത്ത സ്ഥാപനങ്ങളാക്കിമാറ്റുന്നതിനായി  പാചക ഉപകരണങ്ങൾ സൗരോർജ്ജ സഹായത്തോടെപ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊർജസംരക്ഷണവും കാർബണടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറക്കലുമാണ് പദ്ധതി വഴി വിഭാവനം ചെയ്യുന്നത്.പദ്ധതിയുടെ ഭാഗമായി പെരുമ്പളം പഞ്ചായത്തിലെ 15 അങ്കണവാടികളിലേക്ക് പാചകത്തിനായി ഇൻഡക്ഷൻ കുക്കർ   വിതരണം ചെയ്തു. 
 ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന കുമാരി ,സ്ഥിരം സമിതി അധ്യക്ഷരായ എൻ കുഞ്ഞൻ തമ്പി, ശ്രീമോൾ ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബീഷ്, യു.വി ഉമേഷ്, ഷൈലജ ശശികുമാർ, സുനിത സജീവ്,   ആസൂത്രണ സമിതി അംഗങ്ങളായ വി.സി ഹർഷകരൻ, സുഭദ്രമ്മ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അനീസ സുരേന്ദ്രൻ,നവ കേരള കർമ്മ പദ്ധതി കോഡിനേറ്റർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close