കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന് അജയ് ശങ്കര്‍ മെമ്മോറിയല്‍ സില്‍വര്‍ അവാര്‍ഡ്
ആലപ്പുഴ: ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഹാന്റിക്രാഫ്റ്റ് ആന്റ് ഗിഫ്റ്റ് ഫെയര്‍ (ഐ.എച്ച്.ജി.എഫ്) സ്പ്രിംഗ്- 2024-ലെ മികച്ച ഡിസൈന്‍ സ്റ്റാളിനുള്ള അജയ് ശങ്കര്‍ മെമ്മോറിയല്‍ സില്‍വര്‍ അവാര്‍ഡിന് കേരള സംസ്ഥാന കയര്‍ കോര്പ്പറേഷന് അര്‍ഹമായി. എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ വിദഗ്ധ സമിതിയാണ് കയര്‍ കോര്‍പ്പറേഷനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഫോര്‍ ഹാന്റി ക്രാഫ്റ്റിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ആറ് മുതല്‍ 10 വരെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യന്‍ എക്സ്പോ സെന്റര്‍ ആന്റ് മാര്‍ട്ടിലാണ് മേള നടന്നത്.
വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിലെ 4500-ാളം എക്സിബിറ്ററുമാരും മറ്റു രാജ്യങ്ങളില്‍ നിന്നായി 500-ല്‍പരം എക്സ്പോര്‍ട്ടര്‍മാരും പങ്കെടുത്ത മേളയില്‍ കയര്‍ കോര്പ്പറേഷന് മുഖാന്തിരം പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനു നല്കിയ പരിശീലനത്തിന്റെ ഭാഗമായി ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിനായി ഉള്‍പ്പെടുത്തിയിരുന്നു.
ഡിസൈനിലും ഉല്‍പ്പന്നങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തി പുതിയ ഉല്‍പ്പന്നങ്ങള്‍ ദേശീയ, അന്തര്‍ദേശീയ എക്സ്പോര്‍ട്ടര്‍മാരുടെ മുന്പില് പ്രദര്ശിപ്പിക്കുവാന് കഴിഞ്ഞത് ഈ രംഗത്തെ പുത്തന്‍ കാല്‍വയ്പ്പാണെന്ന് കയര്‍ കോര്പ്പറേഷന് ചെയര്മാന് ജി. വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പോ സെന്റര്‍ മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്ഗുപ്തയില് നിന്നും കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍, ജനറല്‍ മാനേജര്‍ എന്‍. സുനുരാജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഈ നേട്ടിനായി പ്രയത്നിച്ച തൊഴിലാളികളേയും ജീവനക്കാരേയും ചടങ്ങില്‍ അഭിനന്ദിച്ചു.