Alappuzha

അമ്മത്തൊട്ടിലിന്റെ മുന്‍ഭാഗം സ്വകാര്യത സംരക്ഷിക്കും വിധമാക്കണം: നിയമസഭാ സമിതി

ആലപ്പുഴ: അമ്മത്തൊട്ടിലിന്റെ മുന്‍ഭാഗം സ്വകാര്യത സംരക്ഷിക്കും വിധമാക്കണമെന്ന് നിയമസഭാ സമിതി നിര്‍ദേശിച്ചു. ഇതിനായി പ്രവേശന കവാടത്തിന്റെ മുന്‍ഭാഗം മറയ്ക്കുകയോ പ്രവേശന കവാടം മാറ്റുകയോ ചെയ്യണം. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് സമിതി ഇക്കാര്യം പറഞ്ഞത്.

ജെന്‍ഡര്‍ പാര്‍ക്ക്, മഹിളാ മന്ദിരം, ശിശു വികലാംഗ സംരക്ഷണ മന്ദിരം, ശിശുപരിചരണ കേന്ദ്രം, സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂള്‍, ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടില്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ജെന്‍ഡര്‍ പാര്‍ക്കിന്റെ പഴയ കെട്ടിടം അതേ ഘടനയില്‍ തന്നെ
പുനര്‍നിര്‍മ്മിക്കുന്നതിന് സമിതി നിര്‍ദ്ദേശം നല്‍കി. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്ഥാപനം എന്ന നിലയിലേക്ക് ശിശു വികലാംഗ സംരക്ഷണ മന്ദിരം മാറ്റുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. ഇവിടെ തൊഴില്‍ പരിശീലനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു. ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന എന്‍.ജി.ഒ.കള്‍, എയ്ഡഡ് സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്ന് സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം സമിതി അറിയിച്ചു. 

നിയമസഭ സമിതി അധ്യക്ഷ യു. പ്രതിഭ എം.എല്‍.എ.,  എം.എല്‍.എ.മാരായ നിയമസഭ സമിതി അംഗങ്ങള്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഒ.എസ്. അംബിക, കെ. ശാന്തകുമാരി, സി.കെ. ആശ, ദലീമ ജോജോ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നക്കല്‍, കൗണ്‍സിലര്‍ ബി. നസീര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിന്‍ഡ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close