Kottayam

സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം-മുഖ്യമന്ത്രി പിണറായി വിജയന്‍

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതുമായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നവകേരള സദസ് പൊന്‍കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വികസനമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ ജനസമക്ഷം  അവതരിപ്പിക്കാനാണ് നവകേരള സദസ് സംഘടിപ്പിച്ചത്.  ജനങ്ങള്‍ ഈ പരിപാടി പൂര്‍ണമായ തോതില്‍ നെഞ്ചേറ്റിയതായാണ് കാസര്‍ഗോഡ് മുതല്‍ ഇതുവരെയുള്ള അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കേരളത്തില്‍ വലിയ തളര്‍ച്ച നേരിട്ട കാലഘട്ടമായിരുന്നു 2016.  അന്ന് കേരളത്തിനു മുമ്പില്‍ ഒരു പ്രകടനപത്രിക എല്‍ ഡി എഫ് അവതരിപ്പിച്ചു.  സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു കിടന്ന മേഖലകളെ പുനരുദ്ധരിക്കുന്നതിനായിരുന്നു ആ പ്രകടനപത്രിക പ്രാധാന്യം നല്‍കിയത്. ജനങ്ങള്‍ അത് സ്വീകരിച്ചു. അതുകൊണ്ടാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
നടക്കില്ല എന്ന് കരുതിയ ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാനായി. അതിലൊന്നാണ് ദേശീയപാത. ദേശീയപാത നടക്കില്ലെന്ന ആശങ്ക ഇപ്പോള്‍ ആര്‍ക്കുമില്ല. അതുപോലെ ഇടമണ്‍ -കൊച്ചി പവര്‍ ഹൈവേ, അതും യാഥാര്‍ത്ഥ്യമായി. ഗെയ്ല്‍ പൈപ്പ് ലൈന്‍  പൂര്‍ത്തിയായി. ഇങ്ങനെ നടക്കില്ല എന്നു കരുതിയവ നടക്കുമെന്ന് വന്നതോടെ ജനങ്ങളില്‍ നല്ല പ്രത്യാശ ഉടലെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പൊതുവായ പുരോഗതിക്ക് പശ്ചാത്തല സൗകര്യവികസനം പ്രധാനമാണ്.  തീരദേശ, മലയോര ഹൈവേകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുകയാണ്. സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കും. 10000 കോടി രൂപയാണ് ഇവയ്ക്ക് ചെലവായത്. ഈ ചെലവ് കിഫ്ബി മുഖേന കണ്ടെത്തുകയാണ് ചെയ്തത്. 
ടൂറിസം മേഖല വികസിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍  ചെയ്യുന്നത്. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത നാടിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന ഒന്നാണ്.  ജലപാത 600 കിലോമീറ്റര്‍ ഉണ്ടാകുമെന്നതിനാല്‍ ബോട്ടില്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഇതൊരു ഹരമായി മാറും.  ഇതിനൊപ്പം ടൂറിസം കേന്ദ്രങ്ങള്‍ ഉണ്ടാകും. അതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ ടൂറിസം കേന്ദ്രങ്ങളില്‍ ആ നാട്ടിലുള്ളവര്‍ക്ക് തൊഴിലുകള്‍ ലഭ്യമാകും. തൊഴില്‍ശാലകള്‍ ഉണ്ടാകും.  ടൂറിസ്റ്റുകള്‍ക്ക് അവിടെ ഉത്പ്പാദിപ്പിക്കുന്ന ഉല്‍പനങ്ങളോട് സാധാരണയില്‍ കവിഞ്ഞ താല്‍പര്യം കാണും. ഇത് വരുമാനം കൂട്ടും. പ്രത്യേക കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാദേശിക കലാകാരന്‍മാര്‍ക്ക് അവസരം ലഭിക്കും. 50 കിലോമീറ്റര്‍ ഇടവിട്ട് ഇത്തരത്തില്‍ ഓരോ ടൂറിസം കേന്ദ്രങ്ങള്‍ക്കാണ് ലക്ഷ്യമിടുന്നതെന്നും  മുഖ്യമന്ത്രി പറഞ്ഞു.
റോഡുകള്‍, പാലങ്ങള്‍, ഫ്‌ലൈ ഓവറുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ പലയിടങ്ങളിലായി നടക്കുകയാണ്.  ബജറ്റിലുള്ള പണം മാത്രമല്ല ഇതിനെല്ലാം ആശ്രയിക്കുന്നത്.  കിഫ്ബി മുഖേനയുള്ള പണവും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മാറ്റം ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങുന്നതല്ല.
2016 ല്‍ വിദ്യാഭ്യാസ മേഖല തകര്‍ന്നതാണ് കണ്ടത്. അഞ്ചു ലക്ഷത്തോളം പേരാണ് പൊതു വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞുപോയത്.  അവിടെയാണ് പൊതു വിദ്യാഭ്യാസ യജ്ഞം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ വലിയ മാറ്റം വന്നു. ഏതൊരു പരിഷ്‌കൃത സമൂഹത്തിലെയും വിദ്യാലയങ്ങളോട് കിടപിടിക്കാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്കിന്നുണ്ട്.  അക്കാദമിക നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളാണ്  സ്വീകരിക്കുന്നത്.   ആരോഗ്യ മേഖലയിലും സമഗ്രമായ മാറ്റമാണ് ഉണ്ടായത്.  ആര്‍ദ്രം മിഷന്‍ നടപ്പാക്കിയതോടെ വലിയ മാറ്റം വന്നു. ആ മാറ്റത്തിന്റെ ഗുണഫലം നാടാകെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി പല സമ്പദ് രാഷ്ട്രങ്ങളെയും മുട്ടുകുത്തിച്ചപ്പോള്‍ നമ്മുടെ നാട് പൊരുതിനിന്നു. ലോകം ആശ്ചര്യത്തോടെ കേരളത്തെ നോക്കി കണ്ടു. കാരണം വികസനം സര്‍വ്വതല സ്പര്‍ശി ആയിരുന്നു. 
കാര്‍ഷിക, വ്യാവസായ, ഐടി മേഖലകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ തോതിലുള്ള മുന്നേറ്റമാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല കേരളത്തിന്റെ ചിത്രം എന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.  ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മുന്നേറ്റങ്ങള്‍ അവസാന ഘട്ടമല്ല. ഇനിയും നാം മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായാണ് നാം ശ്രമിക്കുന്നത്. ഇതിന് തടസ്സം നില്‍ക്കുന്നത് കേന്ദ്ര ഗവണ്‍മെന്റാണ്. വികസനം തകര്‍ക്കാന്‍ മനസ്സ് വയ്ക്കുന്നവര്‍ക്ക് ഒപ്പം പ്രതിപക്ഷവും കൂട്ട് നില്‍ക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണിത്. നാടിന്റെ വികസനം തടയരുത് എന്നാവശ്യപ്പെട്ടിട്ടുള്ള പരിപാടിയാണിത്. നവ കേരള സദസ് ജനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്.  ജനങ്ങള്‍ വലിയതോതില്‍ ഒഴുകിവരുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്  അധ്യക്ഷനായിരുന്നു. സഹകരണം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
ജോസ് കെ മാണി എം.പി, ചീഫ് സെക്രട്ടറി ഡോ. വി. വേണു , അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരിദാ മുരളീധരന്‍, ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) കെ.ഗീത കുമാരി സ്വാഗതവും നവ കേരള സദസ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇ.റ്റി രാകേഷ് നന്ദിയും പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close