Kottayam

സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്‌റ്റേഷൻ നാടിനു സമർപ്പിച്ചു

പുനരുപയോഗ ഊർജ്ജഉപയോഗം പ്രോത്സാഹിപ്പിക്കണം: മുഖ്യമന്ത്രി

ഊർജ്ജ ഉപയോഗത്തിൽ സവിശേഷസംസ്‌ക്കാരം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം: പുനരുപയോഗ ഊർജ്ജഉപയോഗം പ്രോത്സാഹിപ്പിച്ച് ഊർജ്ജ ഉപയോഗത്തിൽ സവിശേഷ സംസ്‌ക്കാരം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 152 കോടി രൂപ ചെലവിൽ കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്‌റ്റേഷൻ നാടിനു സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗതാഗതം, വ്യവസായം, ഗാർഹിക മേഖലകളിൽ ഫോസിൽ ഇന്ധനഉപയോഗം കുറച്ചുകൊണ്ട് പുനരുപയോഗ ഊർജ്ജഉപയോഗം പ്രോത്സാഹിപ്പിക്കണം. രാജ്യത്ത് ആദ്യമായി വൈദ്യുതി വാഹനനയം പ്രഖ്യാപിച്ചത് കേരളമാണ്. വൈദ്യുതി വാഹന ഉപയോഗത്തിൽ വലിയ കുതിച്ചുചാട്ടം നടത്താൻ നമുക്കു കഴിഞ്ഞു. വൈദ്യുതി ഉൽപാദനവും വെള്ളം,കാറ്റ്, സൗരോർജ്ജം തുടങ്ങിയ പുനരുപയോഗ ഊർജ്ജസ്രോതസുകളിലേക്ക് മാറ്റേണ്ടതുണ്ട്. കൽക്കരി ആശ്രയത്വം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ജലസംഭരണികളെ കൂടുതൽ ഫലപ്രദമായി ഇതിന് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ഊർജ്ജ മേഖലയെ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഊർജ്ജകേരള മിഷൻ. സൗര, ഫിലമെന്റ്‌രഹിത കേരളം, ദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ മിഷൻ പൂർണതയിലെത്തിക്കാനാണ് ശ്രമം. സംസ്ഥാനത്ത് സൗരപദ്ധതിയിലൂടെ 1000 മെഗാവാട്ട് സൗരോർജ്ജ ഉൽപാദനം ലക്ഷ്യമിടുന്നു. അതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെയാണ്. പുരപ്പുറ സൗരോർജ്ജപദ്ധതിയിലൂടെ സൗരോർജ്ജ ശേഷി 800 മെഗാവാട്ടിൽ എത്തിയിട്ടുണ്ട്. നമ്മുടെ ലക്ഷ്യം കാലതാമസമില്ലാതെ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യക്കാർക്ക് എൽ.ഇ.ഡി. ബൾബുകൾ കുറഞ്ഞനിരക്കിൽ നൽകുന്ന ഫിലമെന്റ്‌രഹിത കേരളം പദ്ധതിയിലൂടെ 1.5 കോടിയിലധികം ബൾബുകൾ വിതരണം ചെയ്തു. തദ്ദേശസ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും ചേർന്ന് തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതി നല്ല സ്വീകാര്യതയോടെ നടപ്പാക്കി. തടസങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് സാങ്കേതികവിദ്യയിലൂടെ പരിഹരിക്കാൻ സാധിക്കുന്നു.

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാവുക എന്നതിന് സർക്കാരിന് നിർബന്ധമുണ്ട്. കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ നയത്തിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി ഉയരാനാണ് സാഹചര്യമുള്ളത്. ആ സാഹചര്യത്തിലും വിലക്കയറ്റതോതിനെ ഫലപ്രദമായി തടഞ്ഞുനിർത്തി താഴ്ന്നനിരക്കിൽ കേരളത്തിലെ വൈദ്യുതി ചാർജ്ജ് പരിഷ്‌ക്കരണത്തെ പരിമിതപ്പെടുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. പാവപ്പെട്ടവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും നൽകുന്ന ഇളവുകൾ നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ഇത് സാധ്യമായത്

കെ.എസ്.ഇ.ബി.യുടെ കാര്യക്ഷമത നല്ലരീതിയിൽ വർധിപ്പിച്ചുകൊണ്ടാണ്. ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അടുത്തിടെ റേറ്റിങ് റിപ്പോർട്ട് തയാറാക്കി. അതിൽ ആദ്യമെത്തിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വിശ്വാസ്യത, വൈദ്യുതി വിതരണം, തകരാറുകളും പരാതികളും പരിഹരിക്കൽ ഈ രംഗങ്ങളിൽ കേരളത്തിന് എ പ്ലസ് ഗ്രേഡ് ലഭിച്ചു. കെ.എസ്.ഇ.ബി.യുടെ സേവന നിലവാരം വർധിപ്പിച്ച് ആഗോളനിലവാരത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികകളിൽ കേരളം തുടർച്ചായായി ഒന്നാംസ്ഥാനത്താണ്. താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും വൈദ്യുതി നൽകുന്നതിലും പുനരുപയോഗ ഊർജ്ജലക്ഷ്യം കൈവരിക്കുന്നതിലും 100 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്. ഭാവിക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ലൈൻസ് പാക്കേജിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സബ്‌സ്‌റ്റേഷനിൽ സ്വിച്ച്ഓൺ കർമവും മന്ത്രി നിർവഹിച്ചു.

അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., തോമസ് ചാഴികാടൻ എം.പി. എന്നിവർ വിശിഷ്ടാതിഥികളായി. കെ.എസ്.ഇ.ബി. ഡയറക്ടർ (ട്രാൻസ്മിഷൻ) സജി പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടർ അഡ്വ. പി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ടെസി സജീവ്, ഗ്രാമപഞ്ചായത്തംഗം ഡാർലി ജോജി, ചീഫ് എൻജിനീയർ ട്രാൻസ്ഗ്രിഡ് ആർ. രാജേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ, സദാനന്ദ ശങ്കർ, എ.എൻ. ബാലകൃഷ്ണൻ, എം.റ്റി. കുര്യൻ, അനിൽകുമാർ കാരക്കൽ, സിബി മാണി, സനോജ് മിറ്റത്താനി, സി.എം. പവിത്രൻ, എം.ആർ. ബിനേഷ്, കെ.ജെ. രാജീവ്, സി.എ. അഗസ്റ്റിൻ, യു.ഡി. മത്തായി, ഷാജി എബ്രഹാം ചിറ്റക്കാട്ട്, ബേബിച്ചൻ തയ്യിൽ എന്നിവർ പങ്കെടുത്തു.

തിരുനെൽവേലി-കൊച്ചി ലൈൻ വഴി 400 കെ.വി. അന്തർസംസ്ഥാന പ്രസരണലൈൻ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തിൽ നിന്ന് വൈദ്യുതി മധ്യകേരളത്തിൽ എത്തിക്കാൻ സബ്സ്റ്റേഷൻ ഉപകരിക്കും. 400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെ.വി. ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യും. ഇതിനായി 400 കെ.വി.യുടെ നാലു ഫീഡറുകളും 315 എം.വി.എ. യുടെ രണ്ടു ട്രാൻഫോമറുകളും 220 കെ.വി.യുടെ ആറു ഫീഡറുകളും സ്ഥാപിച്ചു. പള്ളം, ഏറ്റുമാനൂർ, അമ്പലമുകൾ എന്നീ 220 കെ.വി. സബ്‌സ്റ്റേഷനുകളിൽ വൈദ്യുതിയെത്തിച്ച് വിതരണം ചെയ്യും. തുറവൂരിൽ സബ്‌സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ആലപ്പുഴയ്ക്കും പ്രയോജനം ലഭിക്കും. മൂന്നു ജില്ലകളിലെ വോൾട്ടേജ് ക്ഷാമപ്രശ്‌നങ്ങൾക്കും പരിഹാരമാകും.

സബ്‌സ്റ്റേഷനോടനുബന്ധിച്ചുള്ള 400 കെ.വി. ലൈനുകളും ഏറ്റുമാനൂർ, തുറവൂർ 220 കെ.വി. സബ്‌സ്റ്റേഷനുകൾ, കുറവിലങ്ങാട്, വൈക്കം, തൈക്കാട്ടുശേരി 110 കെ.വി. സബ്‌സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന 70 സർക്യൂട്ട് കിലോമീറ്റർ 220/110 കെ.വി. മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേഡ് ലൈനുകളും പൂർത്തീകരിച്ചിട്ടുണ്ട്.

സബ്‌സ്റ്റേഷനും അനുബന്ധപദ്ധതികളും യാഥാർഥ്യമായതോടെ പ്രതിവർഷം 119.65 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രസരണനഷ്ടം കുറയും. 24.7 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി ഉൽപാദനനിലയം സ്ഥാപിക്കുന്നതിനു തുല്യമായാണ് കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്റ്റേഷനെ കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 3860 മെഗാവാട്ടായി ഉയർത്താനും സബ്‌സ്റ്റേഷൻ സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close