Uncategorized

ജില്ലാ വികസന സമിതി യോഗം ചേർന്നു

ഗോവിന്ദപുരം മുതൽ വടക്കഞ്ചേരി തങ്കം ജങ് ഷൻ വരെയുള്ള മലയോര ഹൈവേ പദ്ധതിയുടെ മൂന്നു റീച്ചുകൾക്കും കിഫ്ബിയിൽ നിന്ന് സാമ്പത്തികാനുമതി ലഭിച്ചതായി ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ആദ്യത്തെ റീച്ചിന്റെ റവന്യൂ സർവേ പൂർത്തിയായി. സാങ്കേതിക അനുമതിക്കായുള്ള പ്രൊപോസൽ കെ.ആർ.എഫ്.ബി(കേരള റോഡ് ഫണ്ട്‌ ബോർഡ്‌) തയ്യാറാക്കുകയാണ്. രണ്ടും മൂന്നും റീച്ചിന്റെ റവന്യൂ സർവേ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുകയാണ്. 80 ശതമാനത്തിലധികം ഭൂമി സ്വമേധയാ വിട്ടുകിട്ടുന്ന മുറയ്ക്ക് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗത്തിലാണ് ജില്ല കലക്ടർ ഇക്കാര്യം അറിയിച്ചത്.

ശ്രീകൃഷ്ണപുരം വില്ലേജ് ലക്ഷംവീട് കോളനിയിലെ മലമ്പണ്ടാരം എന്ന വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ കിർത്താഡ്സ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

വിളയൂർ -കൂരാച്ചിപ്പടി കൈപ്പുറം റോഡിന്റെ അരിക് കെട്ടുന്നതിനും റോഡ് ഗതാഗതം യോഗ്യമാക്കുന്നതിനുമുള്ള പ്രവൃത്തികൾ ഒരുമിച്ച് ചെയ്യണമെന്ന് മുൻ യോഗത്തിൽ എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്ന് അഞ്ചു കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികൾ ആരംഭിക്കുമെന്നും പി.ഡബ്ല്യു.ഡി റോഡ്സ് ഇ.ഇ അറിയിച്ചു.

ആലത്തൂർ താലൂക്ക് കിഴക്കഞ്ചേരി വില്ലേജിലുള്ള യു.ടി.ടി കമ്പനിയിൽ നിന്നും ഏറ്റെടുത്ത മിച്ചഭൂമി വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായി നോട്ട് തയ്യാറാക്കി എൽ.ആർ.സി.ക്ക് രണ്ടു ദിവസത്തിനകം നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കോവിഡ് ഐസൊലേഷൻ വാർഡ്/ മൾട്ടിപർപ്പസ് ഹാൾ: നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകി

കടമ്പഴിപ്പുറം കോവിഡ് ഐസൊലേഷൻ വാർഡ്/ മൾട്ടിപർപ്പസ് ഹാൾ നിർമ്മാണത്തിന്റെ ഭാഗമായി വൈദ്യുതി കണക്ഷൻ തദ്ദേശസ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്നത് സംബന്ധിച്ച് കെ. ബാബു എം.എൽ.എ ഉന്നയിച്ചതിൽ നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ കൊടുത്തിട്ടുണ്ടെന്നും എട്ട് തദ്ദേശ സ്ഥാപനങ്ങൾ വൈദ്യുതി കണക്ഷൻ നൽകുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. കൂടാതെ ജില്ലാ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന റീജിനൽ ഡയഗണോസ്റ്റിക് സെന്ററിന്റെ പ്രവൃത്തി പൂർത്തിയായെന്നും ഒക്ടോബർ 15 നകം പ്രവർത്തനം ആരംഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് തൊഴിലും ആനുകൂല്യവും നഷ്ടപ്പെടാതിരിക്കാൻ ഭൂമിയുടെ കാലാവധി കൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒക്ടോബർ 10 നകം യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകി. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ കെ.എഫ്.ഡി.സിയെ ഉൾപ്പെടുത്തണമെന്ന് കെ. ബാബു എം.എൽ.എ നിർദ്ദേശിച്ചു.

ജില്ലയിൽ 20 കൃഷി അസിസ്റ്റന്റുമാരെ നിയമിക്കാൻ ഉത്തരവ്

ജില്ലയിൽ 20 കൃഷി അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ എറണാകുളം ഹെഡ് ഓഫീസിൽ ഒക്ടോബർ മൂന്നിന് ചേരുന്ന യോഗത്തിൽ തുടർനടപടികൾക്കായി ഈ വിഷയം അവതരിപ്പിക്കുമെന്നും അറിയിച്ചു.

കനാലുകൾ വൃത്തിയാക്കൽ അംഗീകാരത്തിനായി പ്രോജക്ട് കോഡിനേഷൻ കമ്മിറ്റിക്ക് നൽകി

ചിറ്റൂർ, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിൽ നിന്ന് കനാൽ വൃത്തിയാക്കലിൻ്റെ അഭാവത്തിൽ ജലവിതരണം കുറഞ്ഞ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രോജക്ട് വെച്ച് കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് അംഗീകാരം വാങ്ങി തുടർനടപടി സ്വീകരിക്കണമെന്ന് കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്ന് അംഗീകാരം ലഭിക്കുന്നതിനായി പ്രോജക്ട് കോഡിനേഷൻ കമ്മിറ്റിക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു. ചിറ്റൂരിൽ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക അനുമതി കിട്ടിയിട്ടുണ്ട്. നവീകരണം വൈകാതെ തുടങ്ങും. കാഞ്ഞിരപ്പുഴയിൽ കനാൽ നവീകരണത്തിനായി 10 കോടി ലഭിച്ചിട്ടുണ്ട്. ആവശ്യമായ കനാലുകൾ എടുത്ത് ആഴം കൂട്ടി നവീകരിക്കും. മലമ്പുഴ കനാലിലെ ചോർച്ചയെ സംബന്ധിച്ച് ടെക്നിക്കൽ വർക്കിനായുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിങ് ഓഫീസർ യോഗത്തിൽ അറിയിച്ചു.

പെരുമാട്ടി പഞ്ചായത്തിൽ പി.എം.ജി.എസ്.വൈ-ൽ ഉൾപ്പെട്ട കമ്പാലത്തറ റോഡിന്റെ ഡ്രൈനേജ് പ്രവൃത്തികൾ സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു ഉന്നയിച്ച പ്രശ്നത്തിൽ റോഡിന്റെ ഐറിഷ് ഡ്രൈൻ പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും മഴ കാരണം തടസ്സപ്പെട്ടിരുന്ന പ്രവൃത്തികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്നും പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുകൂടാതെ പൂക്കോട്ടുകാവ്-പുഞ്ചപ്പാടം റോഡ് പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ഒക്ടോബർ രണ്ടാം വാരത്തോടുകൂടി പൂർത്തിയാക്കും.

ജില്ലയിൽ പി.എം.ജി.എസ്.വൈ 16 പ്രൊജക്ടുകൾ അംഗീകരിച്ചു

ജില്ലയിൽ പി.എം.ജി.എസ്.വൈ 16 പ്രൊജക്ടുകൾ അംഗീകരിച്ചിട്ടുണ്ട്. എട്ടു പ്രോജക്ടുകളുടെ ടെണ്ടർ നടപടികൾ കഴിഞ്ഞു. അതിൽ അഞ്ച് പ്രോജക്ടുകൾ എസ്റ്റിമേറ്റ് തുകയിൽ കൂടുതലായതുകൊണ്ട് ടെക്നിക്കൽ കമ്മിറ്റിയുടെ കീഴിലായതിനാൽ കരാർ ആയിട്ടില്ല. ഒരു പ്രോജക്ട് കരാർ ആവുകയും രണ്ട് പ്രൊജക്റ്റ് റീ-ടെണ്ടർ വിളിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചിട്ടുള്ള മലവട്ടത്താണി ആലൂർ റോഡ് പ്രവൃത്തിയിൽ പുരോഗതി ഇല്ലെങ്കിൽ കരാറുകാരന് ഫൈനൽ നോട്ടീസ് നൽകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങൾ ആവശ്യപ്പെട്ടതിൽ എല്ലാ എം.എൽ.എ.മാരും പ്രതികരിച്ചു. തുടർന്ന് കരാറുകാരനെ ടെർമിനേറ്റ് ചെയ്യുന്നതിനുള്ള ഫൈനൽ നോട്ടീസ് നൽകി യോഗം ചേരണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. കൊടുവായൂർ ബൈപ്പാസിന്റെ പ്രവർത്തിയുടെ നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്യണമെന്ന് കെ. ബാബു എം.എൽ.എയും രമ്യാ ഹരിദാസിന്റെ എം.പിയുടെ പ്രതിനിധി പി. മാധവനും ആവശ്യപ്പെട്ടതിനെ തുടർന്ന് ലാൻഡ് അക്വസിഷൻ തുക 13.46 കോടി രൂപ ലഭ്യമാകാൻ കിഫ്ബിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഉദ്യോഗസ്ഥൻ അറിയിച്ചു.

ചെർപ്പുളശ്ശേരി ടൗൺ നവീകരണത്തിന്റെ ഭാഗമായി മുനിസിപ്പൽ പരിധിയിൽ റോഡിന്റെ ഇരുവശത്തുമുള്ള മരം മുറിക്കുന്നത് സംബന്ധിച്ചുള്ള ആവശ്യം പി. മമ്മിക്കുട്ടി എം.എൽ.എ ഉന്നയിച്ചതിൽ മുൻസിപ്പൽ ചെയർപേഴ്സണിൽ നിന്നും രണ്ട് ദിവസത്തിനകം മുറിക്കേണ്ട മരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി നൽകണമെന്ന് കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

പട്ടയം കിട്ടാത്തവരുടെ എണ്ണവും പേരും ഒക്ടോബർ ആറിനകം നൽകണം

ഇന്ദിരാനഗർ കോളനിയിൽ പട്ടയം ലഭിക്കാത്ത അർഹരായവർക്ക് പട്ടയമേളയിൽ ഉൾപ്പെടുത്തി പട്ടയം അനുവദിക്കുന്നതിന് 12 അപേക്ഷകൾ പട്ടയ അസംബ്ലിയിൽ ലഭിച്ചിട്ടുണ്ടെന്ന് എൽ.ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. പട്ടയം മീറ്റിംഗിൽ എം.എൽ.എ.മാർ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ, എസ്.സി,എസ്.സി പ്രമോട്ടർമാർ, പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തണമെന്ന് കെ. ബാബു എം.എൽ.എ നിർദ്ദേശിച്ചു. പട്ടയം കിട്ടാത്തവരുടെ എണ്ണവും പേരും ഒക്ടോബർ ആറിനകം നൽകണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ ഫണ്ടിന്റെ പുരോഗതി കൂടി ഉൾപ്പെടുത്തണമെന്നും എൻ. ഷംസുദ്ദീൻ എം.എൽ.എ ആവശ്യപെട്ടു.

ഷോളയൂർ, പുത്തൂർ എന്നിവിടങ്ങളിലേക്ക് ആംബുലൻസ്, കുമരംപുത്തൂർ സബ്സ്റ്റേഷൻ എന്നിവ സംബന്ധിച്ചുമുള്ള കാര്യങ്ങളും എം. എൽ. എ. ഉന്നയിച്ചു. ഷോളയൂരിൽ ആംബുലൻസിന്റെ സേവനം ഒക്ടോബറിലും പുതൂരിൽ ഒക്ടോബർ ഏഴിനും ആരംഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.

ഷൊർണൂരിൽ ട്രഷറി നിർമ്മാണ പ്രവൃത്തികൾ ട്രഷറി വകുപ്പ് മുൻകൈയെടുത്ത് പൂർത്തിയാക്കണമെന്നും പി. മമ്മിക്കുട്ടി എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.

അട്ടപ്പാടി, കടുകുമണ്ണ ആനവായ് ഊരുകളിൽ 50 വീടുകളിൽ വൈദ്യുതി നൽകിയെന്നും 70 വീടുകൾക്കുള്ള വൈദ്യുതീകരണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.മമ്മിക്കുട്ടി, കെ.ബാബു, എൻ. ഷംസുദ്ദീൻ, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, ആര്‍.ഡി.ഒ. ഡി അമൃതവല്ലി, അസിസ്റ്റന്റ് കലക്ടർ ഒ.ഇ ആൽഫ്രഡ്, ഡെപ്യൂട്ടി കലക്ടർമാർ, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

All reactions:

147147

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close