National News

ഡിപിഐഐടി 2024 ജനുവരി 10 മുതൽ 18 വരെ സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്ക് സംഘടിപ്പിക്കുന്നു

രാജ്യത്തെ സ്റ്റാർട്ടപ്പുകൾ, സംരംഭകർ, നിക്ഷേപകർ, പോളിസി നിർമ്മാതാക്കൾ, മറ്റ് പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ,വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള  വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി)  2024 ജനുവരി 10 മുതൽ 18 വരെ സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്ക് സംഘടിപ്പിക്കുന്നു.ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ദേശീയ സ്റ്റാർട്ടപ്പ് ദിനവും  (2024 ജനുവരി 16) ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത് .

 ഇന്നൊവേഷൻ വീക്ക് 2024 ൽ, ഡിപിഐഐടി സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് 2024 ജനുവരി 11 ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന പത്താം വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ ‘സ്റ്റാർട്ടപ്പുകൾ അനന്തമായ സാധ്യതകൾ തുറക്കുന്നു’ എന്ന സ്റ്റാർട്ടപ്പ് സെമിനാറിൽ ഉദ്ഘാടന പ്രസംഗം നടത്തും.

ദേശീയ സ്റ്റാർട്ടപ്പ് ദിന ആഘോഷങ്ങളുടെ ഭാഗമായി  2024 ജനുവരി 16 ന് ഡിപിഐഐടി സ്റ്റാർട്ടപ്പ് ഇന്ത്യയുടെ കീഴിലുള്ള രണ്ട് മുൻനിര സംരംഭങ്ങളായ, ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകൾ 2023,  സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് ചട്ടക്കൂടിന്റെ  നാലാം പതിപ്പ് എന്നിവയുടെ ഫല പ്രഖ്യാപനവും അനുമോദന  ചടങ്ങും സംഘടിപ്പിക്കുന്നു. ഇന്ത്യൻ സംരംഭകർ ജില്ലകളിലുടനീളം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നൂതനാശയങ്ങളെ  ആഘോഷിക്കുന്നതിനായി ഇൻകുബേറ്ററുകൾ രാജ്യത്തുടനീളം വിവിധ   പരിപാടികളും സംഘടിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകൾക്കായുള്ള സമർപ്പിത ശില്പശാലകൾ , മെന്റർഷിപ്പ് സെഷനുകൾ, ഓഹരി ഉടമകളുടെ റൌണ്ട് ടേബിളുകൾ, പാനൽ ചർച്ചകൾ എന്നിവ ഈ പരിപാടികളിൽ ഉൾപ്പെടുന്നു.

ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, നിക്ഷേപകർ, മെന്റർമാർ, യൂണികോണുകൾ, കോർപ്പറേറ്റുകൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക മേഖല, സർക്കാർ എന്നിവയുൾപ്പെടെയുള്ള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പ്രാപ്തമാക്കുന്നവരുമായി  എട്ട് വെർച്വൽ ‘ആസ്ക് മി എനിത്തിംഗ്’ (എ. എം. എ) തത്സമയ സെഷനുകൾ 2024 ജനുവരി 10 മുതൽ 17 വരെ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ, ബിസിനസ് ഘടനകൾ മനസിലാക്കുക, ഒരു സ്ഥാപനത്തെ ഉള്പെടുത്തുന്നതിനുള്ള പ്രക്രിയകൾ, ഒരു ബിസിനസ് പ്ലാൻ കെട്ടിപ്പടുക്കുക തുടങ്ങിയ വിഷയങ്ങളിൽ സംരംഭകരുടെയും വിദ്യാർത്ഥി സംരംഭകരുടെയും ശേഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ‘ഹൌ ടു സ്റ്റാർട്ടപ്പ്’ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 5 സമർപ്പിത മെന്റർഷിപ്പ് സെഷനുകൾ നടത്താൻ പദ്ധതിയുണ്ട്.

നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 2016 ജനുവരി 16-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്   തുടക്കം കുറിച്ചത് .രാഷ്ട്ര നിർമ്മാണം, സാമൂഹിക സാമ്പത്തിക വികസനം, സ്വാശ്രയത്വം എന്നിവയ്ക്ക് സ്റ്റാർട്ടപ്പുകൾ നൽകുന്ന സംഭവനകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി 2022-ൽ പ്രധാനമന്ത്രി ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചു

2024 ജനുവരി 16-ന് സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിച്ചിട്ട് 8 വർഷം തികയുകയാണ്.2016-ൽ ഏകദേശം 400 സ്റ്റാർട്ടപ്പുകളിൽ നിന്ന് ഇന്ന് 1,17,000-ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളായി, ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ  ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ്.സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനമായ വികസിത് ഭാരത് @2047-ന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭവും ഒരു പ്രധാന പങ്ക് വഹിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close