Kollam

ജില്ലയില്‍ ഓറഞ്ച് മഴമുന്നറിയിപ്പ് ജാഗ്രത പാലിക്കണം – ജില്ലാ കലക്ടര്‍

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു.

തീരപ്രദേശത്തു നിന്നും മൂന്ന് ദിവസത്തേക്ക് ( ഒക്ടോബര്‍ 01, 02 തീയതികള്‍) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കടലില്‍പോയിട്ടുള്ളവര്‍ എത്രയും വേഗം തിരികെ എത്തണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുളള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും മരങ്ങള്‍ നില്‍ക്കുന്നസ്ഥലത്തിന്റെ കൈവശക്കാരായ സര്‍ക്കാര്‍ വകുപ്പുകളും അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

കെട്ടിടങ്ങളുടെ മുകളിലും റോഡുകള്‍ക്കിരുവശവും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ആശുപത്രികളില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കേണ്ടത് വൈദ്യുതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്.

ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളില്‍ സുസജ്ജമായി പ്രവര്‍ത്തിപ്പിക്കുവാന്‍ എല്ലാ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.  

പോലീസ്/ഫയര്‍ – റസ്‌ക്യു കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.

      മലയോര മേഖലകളിലേയും, ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കാന്‍ വനം വകുപ്പും, ടൂറിസം വകുപ്പ് നടപടിയെടുക്കണം.

ലഭ്യമായ ക്രെയിനുകളും, മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യംവരുന്ന മുറക്ക് വിന്യസിക്കാന്‍ ഗതാഗത വകുപ്പിനാണ് ഉത്തരവാദിത്തം.

കെ എസ് ഇ ബി യുടെയും, പൊതുമരാമത്തു വകുപ്പിന്റെയും കാര്യാലയങ്ങളില്‍ അടിയന്തര റിപ്പയര്‍ സംഘങ്ങളെ സജ്ജമാക്കി നിര്‍ത്തണം.

ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സുസജ്ജമാക്കി വില്ലേജാഫീസര്‍മാര്‍ താക്കോല്‍ കൈവശം വയ്ക്കണം.

   ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കണം.

എല്ലാ വിധത്തിലുമുള്ള ഖനന പ്രവര്‍ത്തനങ്ങളും ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ നിരോധിച്ചു. കിണറിനും നിര്‍മ്മാണത്തിനുമുള്ള കുഴിയെടുപ്പ്, മണ്ണെടുപ്പ് തുടങ്ങിയവ ജാഗ്രതാ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ നിറുത്തിവയ്ക്കണം.

   നദീതീരങ്ങളിലും പാലങ്ങളിലും വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലും കൂട്ടം കൂടി നില്‍ക്കുന്നതും, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു.        

ജില്ലയില്‍ നിലവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറായാല്‍ പകരം സംവിധാനം ബി എസ് എന്‍ എല്‍ ഒരുക്കണം.

      ജില്ലയിലെ എല്ലാ സാമൂഹ്യ/പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ആറു താലൂക്കുകളിലും 100 കിലോഗ്രാം അരി, 50 കിലോഗ്രാം പയര്‍, 10 ലിറ്റര്‍ ഭക്ഷ്യ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ ആവശ്യംവന്നാല്‍ ഉപയോഗിക്കുവാനായി കരുതിവയ്‌ക്കേണ്ടത് ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയാണ്.

ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശിച്ചു.

          തെന്മല, പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ബന്ധപ്പെട്ട കെ. ഐ. പി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്. റൂള്‍ കര്‍വ് പ്രകാരമുളള ജലനിരപ്പ് മാത്രം നിലനിര്‍ത്തുവാനും നടപടി സ്വീകരിക്കണം. നദികളിലേയും കായലുകളിലേയും മറ്റു ജലാശയങ്ങളിലേയും ജലനിരപ്പ് ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ സ്വീകരിക്കേണ്ടതാണ്.

    ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഓറഞ്ച് അലര്‍ട്ടുള്ള തീയതികളില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴുമണിവരെ നിയന്ത്രിക്കണം. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ മേഖലയിലൂടെ യാത്ര അനുവദിക്കില്ല.

ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കാന്‍ താലൂക്ക് ഇന്‍സിഡന്റ് കമാന്റര്‍മാര്‍ സജ്ജരായിരിക്കേണ്ടതാണ്.

അവധി ദിവസങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ സ്റ്റേഷന്‍പരിധി വിട്ടുപോകുവാന്‍ പാടുള്ളതല്ല.

പൊതുജനങ്ങള്‍ പരമാവധി വീടിനുളളില്‍ തന്നെ കഴിയണം. പ്രളയ മേഖലയിലും, മണ്ണിടിച്ചില്‍ മേഖലയിലുമുളളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുകയും വേണം. ബീച്ചുകളില്‍ ഇറങ്ങാനും പാടില്ല. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായും ഒഴിവാക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം.

കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയുംവേണം.

അടിയന്തര സഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close