THRISSUR

പ്രഭാതയോഗത്തിൽ ഉയർന്ന നിർദേശങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും

സ്വകാര്യസർവകലാശാലകൾ നടപ്പാകുന്നതിനുള്ള ബില്ലുകൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തു വലിയരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ലോകമെമ്പാടും വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗത്തും അത്തരത്തിലുള്ള കാലോചിതമായ മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. പഴയ രീതിയിൽ സർവകലാശാലകളും അഫിലിയേറ്റഡ് കോളജുകളും എന്ന നിലയിലായിരിക്കില്ല കാര്യങ്ങൾ. കുറേ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് സ്വതന്ത്രമായി കാര്യങ്ങൾ നിർവഹിക്കാനാകണം. നമ്മുടെ നാട്ടിലും ഇത്തരം സ്ഥാപനങ്ങൾ വേണം. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.ഇസാഫ് എം.ഡിയും സി.ഇ.ഒ യുമായ പോൾ കെ. തോമസാണ് സ്വകാര്യസർവകലാശാലകൾ നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചത്. പുറത്തുനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും തൊഴിൽ ചട്ടങ്ങളിലടക്കമുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് പോൾ കെ. തോമസ് ആവശ്യപ്പെട്ടു. നിലവിലെ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാതെ ഇത് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാമെന്നതാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വിദ്യാർഥികളടക്കമുള്ളവർക്ക് പാർട്ട് ടൈം ജോലി ഒരുക്കുക എന്നത് നല്ല ആശയമാണ്. തൊഴിൽ മേഖല പരിഷ്‌കരിക്കുന്നത് വിശദമായി ചർച്ച ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ തൊഴിലാളിസംഘടനകളുമായുള്ള ചർച്ചകളിലേക്കു സർക്കാർ കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പഞ്ചായത്തുകൾക്ക് സി.എസ്.ആർ. ഫണ്ടുകൾ ലഭ്യമാക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പോൾ കെ. തോമസ് ഉന്നയിച്ച വിഷയത്തിൽ പ്രതികരിച്ചുകൊണ്ടു മുഖ്യമന്ത്രി വ്യക്തമാക്കി. തോട്ടങ്ങളിൽ ഫലകൃഷി അടക്കമുള്ളവയ്ക്ക് ഉപയോഗിക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യത്തോട് പ്ലാന്റേഷന്റെ സ്വഭാവം മാറുന്നതിൽ മേഖലയിൽ വലിയ ആശങ്കയാണുളളതെന്നും ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കാൻ സർക്കാരിനു നീക്കമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ചെയർമാൻ സയ്യീദ് ഫസൽ തങ്ങൾ ഉന്നയിച്ച പ്രശ്‌നത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്‌റ്റേഷൻ പരിസരത്തുകിടക്കുന്ന പഴയ വാഹനങ്ങൾ നീക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂർ റൗണ്ട് കൂടുതൽ മനോഹരമാക്കുന്നതിന് സർക്കാർ പിന്തുണ നൽകും. എന്നാൽ തൃപ്രയാർ ആസ്ഥാനമാക്കി പുതിയ താലൂക്ക് വേണമെന്ന സയ്യീദ് ഫസൽ തങ്ങളിന്റെ ആവശ്യത്തോട് സർക്കാരിന് തൽക്കാലം അത്തരത്തിൽ ഒരു ആലോചന ഇല്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.ചരിത്രവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമായ പാവറട്ടി കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികൾ ആരംഭിക്കണമെന്നായിരുന്നു പാവറട്ടി പള്ളിവികാരിയായ ഫാ. ജോൺസൺ ഐനിക്കലിന്റെ ആവശ്യം. പെരിങ്ങാട് പുഴയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം സംരക്ഷിതവനമാക്കാനുള്ള നീക്കം ആശങ്കയുളവാക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ പ്രദേശവാസികൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യലബ്ധിക്കുമുമ്പേ ആരംഭിച്ച കുര്യച്ചിറ മാർ തിമിത്തിയോസ് ഹൈസ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർത്തണമെന്നായിരുന്നു ഓഗിൻ കുര്യാക്കോസ് തിരുമേനിയുടെ ആവശ്യം. സാധ്യമായിടത്തെല്ലാം ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ എവിടെയും ശാന്തമായി കച്ചവടം ചെയ്യാനുള്ള സ്ഥിതി നിലവിലുണ്ടെന്ന് വ്യവസായിയായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. പാട്ടുരായ്ക്കൽ ജംഗ്ഷനിൽ വിവേകാനന്ദപ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ നടപടിയെ ശ്രീരാമകൃഷ്ണ മിഷൻ പ്രതിനിധി സ്വാമി നന്ദാത്മജ അഭിനന്ദിച്ചു.

ആയുർവേദമരുന്ന് ഉൽപാദനത്തിൽ എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണം നീക്കണമെന്നായിരുന്നു അഷ്ടവൈദ്യൻ ഇ.ടി.നീലകണ്ഠൻ മൂസിന്റെ ആവശ്യം. സാധാരണഗതിയിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളില്ലെങ്കിലും മരുന്നുനിർമാണം ദുരുപയോഗിക്കപ്പെടുന്ന സാഹചര്യമുള്ളതുകൊണ്ടാണ് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുർവേദ മരുന്നുകൾക്കുമാത്രമായി പ്രത്യേക ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വേണമെന്ന ആവശ്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൂട്ടത്തോടെ ചേക്കേറുന്നുണ്ടെന്നും ഇവരെ നാട്ടിൽ ആകർഷിച്ചുനിർത്താൻ എന്തു ചെയ്യാമെന്ന് സർക്കാർ ആലോചിക്കണമെന്നുമായിരുന്നു മണ്ണുത്തി ഓർത്തഡോക്‌സ് സഭ ബിഷപ്പ് ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടത്.ഒളകര ആദിവാസി കോളനിയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് ഊരുമൂപ്പത്തി മാധവിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചു. സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കി കാര്യങ്ങൾക്ക് കൂടി ഉടൻ പരിഹരമാവുമെന്നും ഉറപ്പ് നൽകി. മതേതര സാംസ്‌കാരിക ഇടങ്ങൾ ചുരുങ്ങുന്നതിന് പരിഹാരമായി ജില്ലാതലത്തിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകത കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ യോഗത്തിൽ ഉന്നയിച്ചു. ഇത് സർക്കാർ പദ്ധതിയാണെന്നും പ്രാവർത്തികമാക്കാനുള്ള നടപടികൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.കൂടുതൽ കഴിവുള്ള തൊഴിലാളികളെ വാർത്തെടുക്കുന്നതിനായി സർക്കാർതലത്തിൽ നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് അനിൽകുമാർ അഭിപ്രായപ്പെട്ടു. നിലവിൽ ഇത്തരം കേന്ദ്രങ്ങൾ സർക്കാർ തുടങ്ങിയതായും ഇത് വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ ഭിന്നശേഷിക്കാർക്ക് അതത് മേഖലയിൽ തൊഴിലുറപ്പ് നൽകണമെന്ന് അയ്യന്തോൾ സ്വദേശി വിഷ്ണുപ്രസാദിന്റെ ആവശ്യത്തോട് ഭിന്നശേഷി വിഭാഗക്കാർക്ക് അർഹിക്കുന്ന സംവരണം സർക്കാർ നടപ്പിലാക്കുന്നത് തുടരുമെന്നും മാന്യമായ തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

പ്രൈവറ്റ് എയ്ഡഡ് സർവകലാശാലകൾ സ്ഥാപിക്കണമെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോണി ആൻഡ്രൂസ് ആവശ്യപ്പെട്ടു. എയ്ഡഡ് – സർക്കാർ വിഹിതം 50 ശതമാനം വീതം പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ കലാലയ മേഖലയെയും കൂടി ഉൾപ്പെടുത്തണം. എയ്ഡഡ് മേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ തുടരുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഐടി അനുബന്ധ മേഖലകളിലേക്ക് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അഭിപ്രായമുയർന്നു.ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സഹായം നൽകണമെന്നു കർഷകയും വീട്ടമ്മയുമായ ബീന സഹദേവന്റെ ആവശ്യത്തോട് ജൈവകൃഷിക്ക് സർക്കാർ നൽകുന്ന പിന്തുണ തുടരുമെന്നും കാർഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താൻ ഒട്ടേറെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയപാത 66 നാട്ടിക എസ് എൻ കോളേജ് ഭാഗത്ത് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നും കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് സ്‌കൂളുകളിൽ പരിശോധന സൗകര്യം ഒരുക്കണമെന്നും പ്രവാസിയായ സാദിഖ് അഭിപ്രായപ്പെട്ടു. ഭക്ഷ്യവിളകൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരെ തിരഞ്ഞെടുത്ത് സർക്കാർ ജോലിക്കാരായി പരിഗണിച്ച് മിനിമം വേതനം നൽകണമെന്ന് കർഷകനായ കെ എസ് ഷിനോജ് അഭ്യർത്ഥിച്ചു. കൂടാതെ അർഹരായവർക്ക് കാർഷിക വായ്പ നൽകണമെന്നും കൃഷിക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close