THRISSUR

തേന്‍ നിലാവുമായി ഇരിങ്ങാലക്കുട ബിആര്‍സി

ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ വര്‍ണക്കൂടാരം ഒരുങ്ങി. തേന്‍ നിലാവ് എന്ന പേര് നല്‍കിയ വര്‍ണ്ണ കൂടാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണ്ണ കൂടാരം ഒരുക്കിയത്. പ്രീപ്രൈമറി കുട്ടികള്‍ക്ക് കളിച്ചും രസിച്ചും ചിരിച്ചും പരീക്ഷണം നടത്തിയും വരച്ചും നിര്‍മ്മിച്ചും പഠിക്കാന്‍ അവസരം ഒരുക്കുകയാണ് സമഗ്ര ശിക്ഷാ കേരളം വര്‍ണ്ണ കൂടാരം പദ്ധതിയിലൂടെ.

കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകളായ കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് തേന്‍ നിലാവ് എന്ന പേരില്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങളിലുള്ള മനോഹരങ്ങളായ ഇരിപ്പിടങ്ങളാണ് ക്ലാസ്സ് മുറികളില്‍.

ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരളം വര്‍ണ്ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. ഓരോ ഇടങ്ങളും കുട്ടിയുടെ ഭാവനയും ചിന്തയും ഉണര്‍ത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത്.

ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗര സഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജിഷാ ജോബി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ വേലായുധന്‍, ബിആര്‍സി ബിപിസി കെ ആര്‍ സത്യപാലന്‍, ഇരിങ്ങാലക്കുട എഇഒ എം സി നിഷ, പിടിഎ പ്രസിഡന്റ് എം സി സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close