THRISSUR

അനധികൃത ജലസംഭരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍

അനധികൃത ജലസംഭരണം മൂലം നെല്‍കൃഷിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ അനധികൃതമായി വെള്ളം ശേഖരിക്കുന്ന പാടശേഖരസമിതികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു. ജില്ലയിലെ കോള്‍ മേഖയിലെ ജലസംഭരണ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് നിര്‍ദ്ദേശം. അനധികൃത ജല സംഭരണം മൂലം വടക്കന്‍ മേഖലയിലെ നെല്‍കൃഷിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മണലൂര്‍ത്താഴം, മണല്‍പുഴ, കണ്ണോത്ത് പാടശേഖരങ്ങളില്‍ അനധികൃതമായി വെള്ളം ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ത്തത്. 

ജലസേചനം, കാര്‍ഷികം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടും അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കൂടാതെ ഇവര്‍ക്ക് സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്ന നടപടി ഉള്‍പ്പെടെ ആലോചിക്കുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ അനധികൃതമായി വെള്ളം സംഭരിക്കുന്നില്ലെന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിച്ച്  സന്ദര്‍ശനം നടത്തി ഉറപ്പാക്കണം. ഇത്തരം പാടശേഖരസമിതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത കൃഷി ഓഫീസര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ വന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close