Thiruvananthapuram

വിതുര താവയ്ക്കലിൽ നവീകരിച്ച ബലിക്കടവ് തുറന്നു

*മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

വാമനപുരം നദീസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 43.99 ലക്ഷം രൂപ ചെലവിട്ട് വിതുര ഗ്രാമപഞ്ചായത്തിലെ താവയ്ക്കലിൽ നിർമ്മിച്ച ബലിക്കടവിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓൺലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് ജലസംരക്ഷണത്തിന് ഊന്നൽ നൽകി മാതൃകാപരമായ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിതുര പ്രദേശത്തെ ജനങ്ങൾ ബലി തർപ്പണത്തിനായി സ്ഥിരമായി ആശ്രയിക്കുന്ന സ്ഥലമാണ് വാമനപുരം നദിയിലെ തവയ്ക്കൽ കടവ്  ധാരാളം കാഴ്ചക്കാരെ ആകർഷിക്കുന്ന മനോഹരമായ വെള്ളച്ചാട്ടവും ഇവിടെയുണ്ട്. എന്നാൽ നദിയിൽ നീരൊഴുക്ക് വർദ്ധിച്ചാൽ ബലിതർപ്പണം നടത്താൻ കഴിയാത്ത സാഹചര്യവും അപകട സാധ്യതയും നിലനിന്നിരുന്നു. തുടർന്നാണ് താവക്കലിൽ ബലിക്കടവ് നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയത്. വാമനപുരം നദിയുടെ ഇടത് കരയിൽ 45 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി കെട്ടി ലൈനിങ് ചെയ്ത് ബലിക്കടവിനായി 25 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലും പ്ലാറ്റ്ഫോമും 15 മീറ്റർ നീളത്തിൽ ഗാലറിയും നിർമിച്ചു.  പ്രദേശത്ത് ഉണ്ടായിരുന്ന കേരള ജല അതോറിറ്റിയുടെ ഉപയോഗശൂന്യമായ രണ്ടു കിണറുകൾ ഈ പ്രവൃത്തിക്കായി പൊളിച്ച് മാറ്റി. കൂടാതെ ബലിക്കടവിലേക്കുള്ള റോഡ് 20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയും പാർക്കിങ് സൗകര്യം ഒരുക്കുകയും ചെയ്തു. കടവിലേക്ക് വരുന്ന റോഡിന്റെ തോട് ഒഴുകുന്ന പാർശ്വഭാഗത്ത് 35 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും നിർമിച്ചു. കടവിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്കെത്തുമെന്നും പ്രതീഷിക്കുന്നു.

ജി.സ്റ്റീഫന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പട്ടികജാതി –  പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും അംഗനവാടികൾക്കുമുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close