Thiruvananthapuram

രണ്ടേമുക്കാൽ വർഷംകൊണ്ട് 15,000 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടേമുക്കാൽ വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല – പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിൻകടവ് – ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടേമുക്കാൽ വർഷം കൊണ്ട് തന്നെ ഈ ലക്ഷ്യം നേടി. ബിഎംബിസി റോഡുകൾക്ക് ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപയാണ് അധിക ചെലവ്. റോഡുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് ഈ സർക്കാർ നടപ്പാക്കുന്നത്. ഏഴര വർഷം കൊണ്ട് സംസ്ഥാനത്ത് എമ്പാടും വലിയ മാറ്റമാണ് റോഡുകളുടെ കാര്യത്തിൽ കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഒറ്റശേഖരം, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല -പേരേകോണം റിംഗ് റോഡ്. 2021 22 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചാണ് റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചത്. മണ്ഡപത്തിൻകടവ് ഒറ്റശേഖരമംഗലം റോഡിൻ്റെ നവീകരണത്തിനായി 2.5 കോടി രൂപ അനുവദിച്ച് പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചെറുപുഷ്പം, മറ്റു തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close