Pathanamthitta

ജില്ലയിലെ ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ തിരികെ സ്‌കൂളിലേക്ക്

25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളില്‍’. പരമ്പരാഗത പരിശീലന പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് ചെല്ലുന്ന രീതിയാണ് ഈ പരിശീലനത്തില്‍ അവലംബിച്ചിരിക്കുന്നത്. ജില്ലയിലെ 58 സിഡിഎസുകള്‍ക്ക് കീഴിലുള്ള 920 എഡിഎസ് പരിധിയില്‍പ്പെട്ട 10677 അയല്‍കൂട്ടങ്ങളില്‍ 160707 അയല്‍ക്കൂട്ട അംഗങ്ങള്‍ ഇതിന്റെ ഭാഗമാകും.
ഓരോ പ്രദേശത്തും കണ്ടെത്തുന്ന വിദ്യാലയങ്ങളിലേക്ക് അയല്‍ക്കൂട്ടങ്ങള്‍ എത്തിച്ചേരും. പൂര്‍ണമായും ഒരു ദിവസം മുഴുവനും സ്‌കൂളില്‍ ചിലവഴിക്കുന്ന തരത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാവിലെ 9. 30 ന് ആരംഭിക്കുന്ന സ്‌കൂള്‍ അസംബ്ലിയ്ക്ക് ശേഷം അഞ്ച് വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ക്ലാസുകള്‍ നടക്കും.ഇടവേളകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള സമയവും ഉണ്ടാവും. സ്‌കൂള്‍ ബാഗും,ചോറ്റുപാത്രവും, വെള്ളവും ഒക്കെയായി സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക്  ജനകീയ കൂട്ടായ്മയിലൂടെ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിനും തയ്യാറായിട്ടുള്ള എഡിഎസ് സംവിധാനങ്ങളുമുണ്ട്. ഓരോ പ്രദേശത്തും ഈ പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതികളും ബാലസഭ കുട്ടികളുടെയും ഓക്‌സിലറി ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള പ്രചരണ പരിപാടികളും നടക്കും.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള ഒഴിവുദിവസങ്ങളില്‍ ആണ് സ്‌കൂളുകള്‍ ചേരുന്നത്. തിരികെ സ്‌കൂള്‍ ജില്ലാ തല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് അടൂര്‍ ബോയ്‌സ് സ്‌കൂളില്‍ നടക്കും. 25, 26 തീയതികളിലായി മുഴുവന്‍ ബ്ലോക്കുകളിലും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കുള്ള പരിശീലനം നടത്തും. ജില്ലാ തലത്തിലുള്ള പരിശീലനം മലയാലപ്പുഴ പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീമതി ബിന്ദു രേഖ ഫ്‌ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ മിഷന്‍ സംസ്ഥാന പരിശീലകന്‍ രതീഷ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പി.ആര്‍ അനൂപ , അനിത കെ നായര്‍, ഷീബ, ഷിജു എം സാംസണ്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍, ട്രെയിനിങ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കാളികളായി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close