Palakkad

നവകേരള സദസ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന വേദി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെല്ലാം തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയാണ് നവകരേള സദസെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. വീട്ടുമുറ്റ സദസുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റിസോഴ്സ്പേഴ്സണ്‍മാര്‍ക്കുള്ള യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നിരവധി വീട്ടമ്മമാരാണ് കുടുംബശ്രീയുടെ തിരികെ സ്‌കൂളിലേക്ക് പദ്ധതിയിലൂടെ സ്‌കൂളിലേക്ക് വീണ്ടുമെത്തിയതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തുന്ന നവകേരള സദസിന് മുന്നോടിയായിട്ടുള്ള വീട്ടുമുറ്റ സദസുകള്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നവംബര്‍ 22 നകവും നഗരസഭാ പരിധിയില്‍ നവംബര്‍ 25 നകവും പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് വീട്ടുമുറ്റ സദസുകള്‍ നടത്തുന്നതെന്ന് നവകേരള സദസ് പാലക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.കെ നൗഷാദ് പറഞ്ഞു. ഇതോടൊപ്പം 50 പേര്‍ക്കായി ഒരു യോഗം എന്ന നിലയില്‍ ഒരോ ബൂത്തിലും നാല് വീട്ടുമുറ്റസദസുകള്‍ സംഘടിപ്പിക്കണം. വീട്ടുമുറ്റ സദസുകളില്‍നിന്നും ഉയര്‍ന്നുവരുന്ന പരാതികള്‍ കേള്‍ക്കണമെന്നും എഴുതി വാങ്ങണമെന്നും ആ പരാതികള്‍ക്കെല്ലാം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വാട്ടര്‍ മെട്രോ, ആര്‍ദ്രം, വിഴിഞ്ഞം തുറുമുഖം, ഗെയില്‍ പദ്ധതി തുടങ്ങിയ സര്‍ക്കാരിന്റെ പദ്ധതികളെല്ലാം വീട്ടുമുറ്റ സദസിലൂടെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞിട്ടുണ്ടെന്നും ഗവ വിക്ടോറിയ കോളെജ് ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സുനിത ഗണേഷ് യോഗത്തില്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി പോലും കോളെജില്‍ വിശന്ന് ഇരിക്കാതിരിക്കാനായി നടപ്പിലാക്കിയ വിശപ്പുരഹിത ക്യാമ്പസ് ക്യാമ്പയിനെക്കുറിച്ചും വനിതാ-ശിശു വികസന വകുപ്പിന് കീഴില്‍ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്ന ‘പടവുകള്‍’ പദ്ധതി, വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി അവ വളര്‍ത്തി അതിലൂടെ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്ന ഏണ്‍ വൈല്‍ യൂ ലേണ്‍ പ്രോജക്ട് എന്നിവയെ കുറിച്ചും ഡോ. സുനിത ഗണേഷ് വിശദീകരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇത് സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിന് സഹായിച്ചെന്നും മോയന്‍ ഗേള്‍സ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യു.കെ ലത പറഞ്ഞു. നേഴ്സിങ് കോളെജുകളില്‍ സീറ്റുകളും പുതിയ നേഴ്സിങ് കോളെജും അനുവദിച്ചിട്ടുണ്ടെന്നും ഇത് ആരോഗ്യമേഖലക്ക് കൂടുതല്‍ സഹായകരമാകുമെന്നും നേഴ്സിങ് കോളെജ് പ്രിന്‍സിപ്പാള്‍ ആശാ ദീപ് പറഞ്ഞു.
വീട്ടുമുറ്റസദസിലൂടെ വികസനത്തിന് വേണ്ടി വരുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കാമെന്ന് നവകേരള സദസ് പാലക്കാട് നിയോജമകണ്ഡലം കണ്‍വീനറും സ്പെഷ്യല്‍ തഹസില്‍ദാറുമായ പി. മധു പറഞ്ഞു. യോഗത്തില്‍ നവകേരള സദസ് പബ്ലിസിറ്റി കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, കണ്ണാടി, പിരായിരി, മാത്തൂര്‍, പാലക്കാട് നഗരസഭാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close