Malappuram

ഭൂപരിഷ്‌കരണ നിയമ ഭേദഗതി പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ വഴിയൊരുക്കി: അഡ്വ. പി. സതീദേവി * രാജ്യത്ത് ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നു പട്ടികവർഗ മേഖലയിലെ പുതിയ തലമുറയെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശിപാർശ

ഇ.എം.എസ് സർക്കാർ 1957ൽ നടപ്പാക്കിയ കാർഷിക ബന്ധ നിയമവും 1967ൽ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും കേരളത്തിലെ പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നിലമ്പൂർ നഗരസഭാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉത്തരേന്ത്യയിൽ പല സ്ഥലത്തും ഇപ്പോഴും ഭൂപരിഷ്‌കരണ നിയമം എന്ത് എന്നു തന്നെ അറിയില്ല. ശക്തമായ നിയമം നിലനിൽക്കുമ്പോഴും രാജ്യത്ത് ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ആദിവാസികൾക്ക് പ്രത്യേക പരിരക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ള നിയമങ്ങൾ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് പരിശോധിക്കണം. പിറന്ന മണ്ണിൽ മനുഷ്യന് ജീവിക്കാനുള്ള അവകാശം പ്രഖ്യാപിച്ച 1957ലെ ഇ.എം.എസ് സർക്കാർ ഒരു കുടിയാനെയും കുടിയൊഴിപ്പിക്കാൻ പാടില്ലെന്ന വിപ്ലവകരമായ നിയമം കൊണ്ടുവന്നു. അതിനു മുമ്പ് കൂലി ചോദിക്കാനുള്ള അവകാശം തന്നെ ഇല്ലായിരുന്നു. കൂലി ചോദിച്ചാൽ ജന്മിയുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിരുന്നു. പാടത്ത് വരമ്പ് ഉറപ്പിച്ചിരുന്നത് തൊഴിലാളിയുടെ ശരീരം വച്ചു മൂടിയായിരുന്നു. മാറു മറയ്ക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. കൂടെ അന്തിയുറങ്ങാൻ ചെല്ലണമെന്നത് ഉൾപ്പെടെ ജന്മിയുടെ വ്യക്തി താൽപര്യങ്ങളെ എതിർത്തവരെ ചാട്ടവാറുകൊണ്ട് അടിക്കുന്നത് ഉൾപ്പെടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത ഉൾപ്പെടെ വിവിധ രംഗങ്ങളിൽ രാജ്യത്തിന് മാതൃകയാണ് കേരളം. പട്ടികവർഗ മേഖലയിലുള്ളവർക്കായി സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റൽ സൗകര്യങ്ങളും ഉൾപ്പെടെ സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി മികച്ച പ്രതിഭകൾ പട്ടികവർഗമേഖലയിൽ നിന്നും ഉയർന്നു വരുന്നുണ്ട്. പോലീസിലേക്ക് ഉൾപ്പെടെ പട്ടികവർഗ വിഭാഗത്തിൽ നിന്ന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തിയത് വലിയ മാറ്റമാണ് സൃഷ്ടിക്കുക. ത്യാഗ മനസ്ഥിതിയോടെ പ്രവർത്തിക്കുന്ന അങ്കണവാടി പ്രവർത്തകരാണ് പട്ടികവർഗ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തു പകരുന്നത്. പട്ടികവർഗ മേഖലയിലെ ജനതയുടെ ആരോഗ്യത്തെ ദോഷകരമായ ബാധിക്കുന്ന രീതിയിലുള്ള മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നീ ശീലങ്ങളിൽ മാറ്റം വരേണ്ടതുണ്ട്. ഈ മേഖലയിലെ പുതിയ തലമുറയെ മുഖ്യധാരയിലേക്ക് ഉയർത്തി എടുക്കാനുള്ള ശിപാർശകൾ സംസ്ഥാന സർക്കാരിനു സമർപ്പിക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷൻ നടത്തുന്ന പട്ടികവർഗ മേഖലാ ക്യാമ്പ് ഏറ്റവും മികച്ച കാൽവയ്പ്പാണെന്ന് മുഖ്യാതിഥിയായിരുന്ന നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. ഊരുകളിൽ നേരിട്ടെത്തി ജനങ്ങളെ കണ്ട് പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുന്നതിനുള്ള വനിതാ കമ്മിഷന്റെ ശ്രമത്തിന് ബിഗ് സല്യൂട്ട് നൽകണമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. വനിതാ കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, നിലമ്പൂർ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അരുമ ജയകൃഷ്ണൻ, നിലമ്പൂർ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.എസ്. ശ്രീരേഖ, നിലമ്പൂർ നഗരസഭാ സെക്രട്ടറി ജി. ബിനുജി, മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, വനിതാ കമ്മിഷൻ പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിച്ചു. പട്ടികവർഗ മേഖലയിൽ സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി. മധു അവതരിപ്പിച്ചു. ലഹരിയുടെ വിപത്ത് എന്ന വിഷയം മലപ്പുറം ലഹരിവിമുക്ത ഭാരതം ജില്ലാ കോ-ഓർഡിനേറ്ററും റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ ബി. ഹരികുമാർ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close