Malappuram

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്: അഞ്ച് പരാതികൾ തീർപ്പാക്കി 11 മാസം വൈകിപ്പിച്ച ലൈസൻസ് 15 ദിവസം കൊണ്ട് ലഭ്യമാക്കാൻ നിർദേശം

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ മലപ്പുറം ജില്ലയിൽ നടത്തിയ സിറ്റിങിൽ അഞ്ച് പരാതികൾ തീർപ്പാക്കി. കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 14 പരാതികൾ പരിഗണിച്ചു. തദ്ദേശ സ്ഥാപന അധികൃതരെ സമീപിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വയറിങ് ആന്റ് സൂപ്പവര്‍വൈസര്‍ രജിസ്ട്രേഷ്‍ ലൈസൻസിന് അപേക്ഷിച്ച് 11 മാസമായിട്ടും ലഭിച്ചില്ലെന്ന വളാഞ്ചേരി സ്വദേശിയുടെ പരാതി കമ്മിഷൻ തീർപ്പാക്കി. 15 ദിവസംകൊണ്ട് നിയമാനുസൃതം നൽകേണ്ടതാണ് ലൈസൻസെന്നും ഉടന്‍ അനുവദിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ദിവസങ്ങൾക്കുള്ളിൽ നൽകാവുന്ന ലൈസൻസ് 11 മാസം വൈകിച്ചത് ശരിയായ നടപടിയല്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.
മലപ്പുറം ചീനിത്തോട് സ്വദേശിയുടെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തിനും കമ്മീഷൻ പരിഹാരം കണ്ടു. സ്വകാര്യ വ്യക്തിയുടെ പ്രവർത്തനം കാരണം വെള്ളക്കെട്ട് സംഭവിച്ചെന്ന പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ട കമ്മീഷന്‍ വെള്ളക്കെട്ടിന് ഇടയാകാതെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നടപടി എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യവസായത്തിനായി ഭീമമായ തുക നൽകി സ്ഥാപിച്ച യന്ത്രസാമഗ്രികള്‍ നിലവാരമില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും കാണിച്ച് അരീക്കോട് ഇരിവേറ്റി സ്വദേശി നൽകിയ പരാതിയിൽ ഇന്ന് തന്നെ (ഡിസംബര്‍ അഞ്ച്) എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് കമ്മിഷൻ അരീക്കോട് പൊലിസിന് നിർദേശം നൽകി.
തനിക്ക് മാനസിക- ശാരീരിക പ്രശ്നങ്ങൾ നേരിടുണ്ടെന്നും ഭാര്യയുടെ പരിചരണവും സംരക്ഷണവും ആവശ്യമാണെന്നും കാണിച്ച് ഒതല്ലൂർ സ്വദേശി നൽകിയ പരാതിയും കമ്മീഷന്റെ പരിഗണനയ്ക്കെത്തി. പരാതിക്കാരന്റെ സഹോദരനും ബന്ധുക്കൾക്കും സംരക്ഷിക്കാൻ അസൗകര്യമുണ്ടെങ്കിൽ സാമൂഹിക നീതി ഓഫിസർ വഴി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് പുനരധിവാസം നടപ്പാക്കുന്നതിന് കമ്മീഷന്‍ നിർദേശം നൽകി. 20 വർഷം മുന്നേതന്നെ പരാതിക്കാരന്റെ ഭാര്യ ഇയാളുമായുള്ള ബന്ധം ഒഴിവാക്കി കുട്ടികളുമായി കഴിയുകയാണെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു.
ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് രണ്ട് റൊട്ടേഷൻ ടേൺ അവസരം നഷ്ടപ്പെടുമെന്ന് കാണിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ കമ്മീഷന്‍ പൊതുഭരണ, ന്യൂനപക്ഷ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി, പി.എസ്.സി സെക്രട്ടറി എന്നിവരുടെ റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close