Malappuram

ജില്ലാ കളക്ടറുടെ ഓൺലൈൻ പൊതുജന പരാതി പരിഹാര സംവിധാനം; മലപ്പുറം മാതൃക മറ്റ് ജില്ലകളിലേക്കും

ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തുടങ്ങി വെച്ച പരാതികളും നിവേദനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന മലപ്പുറം മാതൃക മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പദ്ധതിക്ക് തുടക്കമിട്ട് ഒരു വർഷം പിന്നിട്ടപ്പോൾ ജില്ലയിൽ ഇതുവരെ നാലായിരത്തോളം അപേക്ഷകളാണ് പൊതുജനങ്ങളിൽ നിന്നും പോർട്ടലിലൂടെ സ്വീകരിച്ചത്. കളക്ട്രേറ്റിലെ പി.ജി.ആർ (പബ്ലിക് ഗ്രീവിയൻസ്) സെൽ വഴി ഓഫ് ലൈനായി നൽകിയിരുന്ന സേവനമാണ് കൂടുതൽ സുതാര്യമാക്കി ഓൺലൈനാക്കി മാറ്റിയത്. ഇതുവഴി ഗുണഭോക്താവിന് തന്റെ പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ വീട്ടിലിരുന്ന് തന്നെ അറിയാനാവും.
മലപ്പുറം ജില്ലയിൽ തുടക്കമാവുകയും പിന്നീട് സംസ്ഥാനം മുഴുവനായും നടപ്പിലാക്കുകയും ചെയ്ത ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴിയാണ് പുതിയ സേവനവും നൽകി വരുന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും, കേരള സ്റ്റേറ്റ് ഐ.ടി മിഷനുമാണ് ജില്ലാ ഭരണകൂടത്തിനായി ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്. ഐ.ടി മിഷൻ മലപ്പുറം ജില്ലാ ഓഫീസാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഉൾപ്പടെ സാങ്കേതിക സഹായം നൽകുന്നത്. ഒരു വർഷം മുമ്പാണ് ജില്ലാ കളക്ടറുടെ ഓൺലൈൻ പൊതുജന പരാതി പരിഹാര സംവിധാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കുന്നത്. ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിട്ട് എന്തായി എന്നറിയാൻ കളക്ട്രേറ്റിൽ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ലെന്നതാണ് ഇതിന്റ പ്രധാന ആകർഷണം.
കളക്ട്രേറ്റിൽ പരാതി നൽകാനെത്തുന്നവർക്ക് പബ്ലിക് ഗ്രീവിയൻസ് സെല്ലിൽ നിന്നും ലഭിക്കുന്ന ടോക്കണിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കാം. തുടർന്ന് ബന്ധപ്പെട്ട പരാതി ഏത് വകുപ്പിലേക്കാണോ കൈമാറേണ്ടത് എന്നതുൾപ്പടെയുള്ള കളക്ടറുടെ നിർദേശവും രേഖപ്പെടുത്തി പബ്ലിക് ഗ്രീവിയൻസ് സെല്ലിന് കൈമാറും. ഇവിടെ നിന്നും പരാതി സ്‌കാൻ ചെയ്ത് പോർട്ടിലേക്ക് ചേർക്കുകയും തുടർ അന്വേഷണങ്ങൾക്കായി ഒരു അപ്ലിക്കേഷൻ നമ്പർ ഗുണഭോക്താവിന് നൽകുകയും ചെയ്യും. ഈ അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് പരാതിയിൽ സ്വീകരിച്ച നടപടികൾ ഗുണഭോക്താവിന് എവിടെയിരുന്നും മനസ്സിലാക്കാനുമാവും. പോർട്ടലിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് പരാതിയിൽ ആവശ്യമായ നടപടികൾ എടുക്കുകയും ആ വിവരം ഗുണഭോക്താവിന് നൽകുകയും ചെയ്യും. പരാതിയിൽ നടപടികൾ സ്വീകരിച്ചാൽ ആ വിവരം എസ്.എം.എസ് സന്ദേശമായി മൊബൈൽ നമ്പറിലൂടെ അറിയിക്കും. കൂടാതെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമുള്ള മറുപടിയും അപ്ലിക്കേഷൻ നമ്പറിന്റെ സഹായത്തോടെ https://edistrict.kerala.gov. എന്ന പോർട്ടലിൽ ഗുണഭോക്താവിന് ലഭ്യമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close