Malappuram

കുടിൽ വ്യവസായ സംരംഭകർക്കും വഴിയോരക്കച്ചവടക്കാർക്കുമായുള്ള പി.എം സ്വാനിധി പദ്ധതി പ്രാവർത്തികമാക്കി കുടുംബശ്രീ

അസംഘടിതരായ തെരുവ് കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും വേണ്ടിയുള്ള കേന്ദ്ര ഭവന-നഗരകാര്യ വകുപ്പിന് കീഴിലെ പി.എം സ്വനിധി വായ്പ്പ പദ്ധതി ജില്ലയിൽ പ്രാവർത്തികമാക്കി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ. ലോക്ക്ഡൗൺ കാലത്ത് പ്രതിസന്ധിയിലായവർക്ക് ഉപജീവന മാർഗം പുനരാരംഭിക്കുന്നതിനും പ്രവർത്തന മൂലധനത്തിനുമായി സാമ്പത്തിക പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയാണ് പി.എം സ്വാനിധി പദ്ധതി ആരംഭിച്ചത്. സാധാരണയായി ചെറിയ മൂലധന അടിത്തറയിൽ പ്രവർത്തിക്കുന്ന നഗരസഭാ മേഖലയിലെ വഴിയോരക്കച്ചവടക്കാർക്കായി യാതൊരുവിധ ഈടും ആവശ്യമില്ലാതെയാണ് പദ്ധതി പ്രകാരം ലോൺ നൽകുന്നത്. ഏഴ് ശതമാനം പലിശ സബ്‌സിഡിയോട് കൂടിയാണ് ആദ്യഘട്ടത്തിൽ  10,000 രൂപയും കൃത്യമായി തിരിച്ചടക്കുന്നവർക്ക് രണ്ടാം ഗഡുവായി 20,000 രൂപയും മൂന്നാം ഗഡുവായി 50,000 രൂപയും ലോൺ ലഭ്യമാക്കുന്നത്. കൂടാതെ ഓൺലൈൻ പെയ്‌മെന്റുകൾക്ക് വർഷം 1200 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും.
 
നഗരസഭകൾ സംഘടിപ്പിച്ച വഴിയോര കച്ചവട സർവേയിൽ ഉൾപ്പെട്ട് തിരിച്ചറിയൽ കാർഡും വെന്റിംഗ് സർട്ടിഫിക്കറ്റും ലഭിച്ചവർക്കും അല്ലാത്തവർക്കും വായ്പ്പയ്ക്ക് അപേക്ഷിക്കാം. സർവ്വേയിൽ ഉൾപ്പെടാത്ത വഴിയോര കച്ചവടക്കാർക്കും കുടുംബശ്രീയുടെ അനൗദ്യോഗിക സംരംഭകർക്കും വായ്പയ്ക്ക് അപേക്ഷിക്കാൻ നഗരസഭയുടെ ശുപാർശ കത്ത് ആവശ്യമാണ്.  സ്‌കീമിൽ പരമാവധി വഴിയോര കച്ചവടക്കാരെയും കുടുംബശ്രീ സൂഷ്മ സംരംഭകരെയും ഉൾപ്പെടുത്തുന്നതിന് നഗരസഭകളിൽ കുടുംബശ്രീ പ്രവർത്തകരെ വളണ്ടിയർമാരായി നിയമിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിൽ നിലവിൽ 4000ത്തിലധികം പി.എം സ്വാനിധി ലോണുകൾ പാസാക്കിയിട്ടുണ്ട്. പദ്ധതിയിലൂടെ പരമാവധി തെരുവോരക്കച്ചവടക്കാരെ ഈ പദ്ധതിയുടെ ഭാഗമാക്കി ലൈസൻസും യൂണിഫോമും ഗുണമേന്മയുള്ള ഉത്പന്നങ്ങളും ലഭ്യമാക്കി അവരെ ഒരൊറ്റ ബ്രാൻഡിങിലേക്കെത്തിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷൻ ശ്രമിക്കുന്നതെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ.കെ കക്കൂത്ത് പറഞ്ഞു.
പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അസംഘടിതമേഖലയിൽ  ലൈസൻസ് ഇല്ലാത്ത ഏത് കുടുംബശ്രീ സംരംഭത്തിനും തെരുവുകച്ചവട സ്വഭാവമുള്ള സംരംഭങ്ങൾക്കും പി.എം സ്വാനിധി വായ്പ പദ്ധതിയിലൂടെ 10,000 രൂപയുടെ ഹ്രസ്വ കാല വായ്പക്ക് ഇപ്പോൾ അപേക്ഷിക്കാം. ആധാർ കാർഡിന്റെ കോപ്പി, ആധാറുമായി ലിങ്ക് ചെയ്ത ഫോൺ, പാസ്ബുക്കിന്റെ കോപ്പി, വോട്ടർ ഐ.ഡി കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, ഒരു ഫോട്ടോ എന്നിവയാണ് ഇതിനായി സമർപ്പിക്കേണ്ട രേഖകൾ. വാർഡ് തലത്തിൽ ലോൺ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്. അപേക്ഷകർ അതത് വാർഡിലെ കുടുംബശ്രീ സി.ഡി.എസ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close