Kozhikode

പടനിലം പാലം ഭൂമി ഏറ്റെടുക്കൽ:  ഭൂവുടമകള്‍ക്ക് തുക കൈമാറാന്‍ പ്രത്യേകാനുമതി

പടനിലം പാലത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് പണം കൈമാറുന്നതിന് ധനകാര്യ വകുപ്പ് പ്രത്യേകാനുമതി നല്‍കി ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലുമായി നേരിട്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കി പണം കൈമാറാന്‍ നടപടിയായത്. 10 ലക്ഷം രൂപയില്‍ താഴെയുള്ള സംഖ്യ നല്‍കാനുണ്ടായിരുന്നവര്‍ക്ക് നേരത്തേ തന്നെ തുക ലഭ്യമാക്കിയിരുന്നു. എന്നാല്‍ 10 ലക്ഷത്തിന് മുകളില്‍ തുക ലഭിക്കാനുള്ളവര്‍ക്ക് ട്രഷറി നിയന്ത്രണം കാരണം നല്‍കാന്‍ സാധിച്ചിരുന്നില്ല.

കെ.പി ഷിജിന, സക്കീര്‍ ഹുസ്സയിന്‍, ആയിഷ, അബ്ദുല്‍ റസാഖ് എന്നിവര്‍ക്കുള്ള പണമാണ് അവരവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കാന്‍ ധനകാര്യ വകുപ്പ് പ്രത്യേകാനുമതി നല്‍കിയത്. ഇതോടെ പാലം പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിലുള്ള തടസ്സം പൂര്‍ണ്ണമായി നീങ്ങി. ഏറ്റെടുത്ത ഭൂമി ഔദ്യോഗികമായി പാലങ്ങള്‍ വിഭാഗത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നതിന് ബുധനാഴ്ച (18/10)റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പാലം സൈറ്റിലെത്തുന്നതിനും രണ്ട് ദിവസത്തിനകം പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിനും തീരുമാനമായതായും എം.എല്‍.എ പറഞ്ഞു.

പാലം നിര്‍മ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും 2023 മാര്‍ച്ച് 16 ന്  7.16 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. പാലം നിര്‍മ്മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 

ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള ഫുട്പാത്ത് ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയാണ് ഉണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും ഇതൊപ്പം പൂര്‍ത്തീകരിക്കും. ഒരു കോടി രൂപ ചെലവില്‍ വീതികൂട്ടി നവീകരിക്കുന്നതിന് അനുമതിയായ പടനിലം ജംഗ്ഷന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചുവരുന്നതായും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close