Kottayam

ഈരാറ്റുപേട്ടയിൽ ‘കുട്ടി എം.എൽ.എ’മാരുടെ ഹരിതസഭ; മാലിന്യപ്രശ്നത്തിൽപ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭയിൽ സംഘടിപ്പിച്ച ഹരിതസഭ വ്യത്യസ്തമായി. നിയമസഭയെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ഹരിതസഭയുടെ സംഘാടനം. പരിപാടിയിൽ പങ്കെടുത്ത 200 ആൺകുട്ടികളും 200 പെൺകുട്ടികളും എം.എൽ.എമാരായപ്പോൾ നഗരസഭയിലെ ജനപ്രതിനിധികൾ മന്ത്രിമാരുടെ റോളിലായി.

ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി വിദ്യാർഥികൾ നഗരത്തിലെ മാലിന്യ സംസ്‌കരണ വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഉത്തരങ്ങൾക്കൊപ്പം പരിഹാരങ്ങളും പറഞ്ഞു ജനപ്രതിനിധികൾ. ഈരാറ്റുപേട്ട നഗരം നേരിടുന്ന മാലിന്യ സംസ്‌കരണത്തിലെ ജനകീയപ്രശ്നങ്ങളുടെ ചിത്രങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി വിഷയത്തിന്റെ ഗൗരവം ശ്രദ്ധേയമാക്കുകയും ചെയ്തു വിദ്യാർഥികൾ. മാലിന്യമുക്ത നഗരമാകാൻ ഈരാറ്റുപേട്ടയിൽ എന്തൊക്കെ തടസങ്ങൾ ഉണ്ടെന്ന് വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത് റിപ്പോർട്ട് അവതരിപ്പിച്ച് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. നഗരസഭ നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ അക്കമിട്ട് വിവരിച്ചു നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ മറുപടി നൽകി. എൽ. പി. സ്‌കൂളിലെ വിദ്യാർഥികൾ വരെ ശ്രദ്ധേയമായ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഹരിതസഭ രണ്ടര മണിക്കൂർ നീണ്ടു.

മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും മാലിന്യ സംസ്‌കരണ ഉപാധികളെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വിദ്യാർഥികളുടെ പ്രമേയങ്ങൾക്ക് മറുപടിയായി നഗരസഭാരോഗ്യവിഭാഗം ഉറപ്പ് നൽകി. നൂറ് ശതമാനം മാലിന്യ സംസ്‌കരണം ഉറപ്പാക്കി ഒരു മാസത്തിനകം നഗരത്തെ മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കുമെന്ന് നഗരസഭ ഭരണസമിതി ഉറപ്പ് നൽകി. 20 നഗരസഭാംഗങ്ങൾ പങ്കെടുത്തു.

ഹരിതസഭയിൽ ഉന്നയിച്ച ചോദ്യങ്ങളും മറുപടികളും റിപ്പോർട്ടാക്കി വിദ്യാർഥികൾ സമർപ്പിക്കും. ഈ റിപ്പോർട്ട് പ്രധാന അജൻഡയാക്കി നഗരസഭ കൗൺസിൽ യോഗം ചേരുമെന്നും ഈ യോഗത്തിൽ ഓരോ സ്‌കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ വീതം പ്രത്യേക ക്ഷണിതാക്കൾ ആയി പങ്കെടുപ്പിക്കുമെന്നും അധ്യക്ഷ അറിയിച്ചു. യോഗശേഷം എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരുടെ സംഘമെത്തി ശുചിത്വ ക്ലബ്ബുകളുടെ പ്രവർത്തനം ഊർജിതമാക്കാനും എല്ലാ മാസത്തിലും യോഗം ചേരാനും ഹരിതസഭയിൽ തീരുമാനമായി.

ഹരിത സഭയ്ക്ക് മുമ്പ് വിദ്യാർഥികൾ തങ്ങളുടെ സന്ദേശം പ്ലക്കാർഡിൽ പ്രദർശിപ്പിച്ച് ശുചിത്വ സന്ദേശ വിളംബര റാലി നടത്തി. ഹരിതസഭയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. വിദ്യാർഥി പ്രതിനിധികളായ എബിൻ സിബി, തൻഹ നാസർ എന്നിവർ ഹരിത സഭയുടെ ലക്ഷ്യങ്ങളും സംഘാടന രീതിയും വിവരിച്ചു.

മുസ്ലിം ഗേൾസ് എച്ച്.എസ.്എസിലെ ഫാത്തിമ ഷെമീം, മുസ്ലിം ഗേൾസ് എച്ച.് എസിലെ ആമിന അൻസാരി, സെന്റ് അൽഫോൻസാ സ്‌കൂളിലെ എയ്മീ ആൻ റെജി, പി.എം.എസ്.എ. പി.ടി.എം. എൽ. പി. എസിലെ ഹാജറ സൈന, ഗവൺമെന്റ് എച്ച.്എസ്.എസിലെ അർച്ചന അനിൽകുമാർ, സെന്റ് മേരീസ് എൽ.പി.എസിലെ റന മെഹ്റിൻ, എം.എം.എം. യു. പി. എസിലെ നുസ്‌റ ഫാത്തിമ, ഗവൺമെന്റ് മുസ്ലിം എൽ.പി.എസിലെ പി.എസ.് ആമിന, തന്മിയ ഇസ്ലാമിക് സ്‌കൂളിലെ അസ്മ ഫാത്തിമ, സെന്റ് ജോർജ് എച്ച.്എസ.്എസിലെ നെവിൻ ബോബി, സെന്റ് ജോർജ് എച്ച്. എസിലെ ജെസ്വിൻ ജെയിംസ്, അൽ മനാർ സ്‌കൂളിലെ ആദിൽ ഷെരീഫ്, ഹയാത്തുദീൻ സ്‌കൂളിലെ മുഹമ്മദ് യാസീൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ശിശുദിന സ്മരണ ഉണർത്തി ചാച്ചാജിയുടെ വേഷത്തിലാണ് സെന്റ് മേരീസ് എൽ. പി. സ്‌കൂളിലെ വിദ്യാർഥി ഫിലിപ്പ് സച്ചിൻ എത്തിയത്. മുസ്ലിം ഗവൺമെന്റ് എൽ.പി. സ്‌കൂൾ വിദ്യാർത്ഥിനി അൽഹന അനസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷെഫ്ന അമീൻ, റിസ്വാന സവാദ്, പി എം അബ്ദുൽ ഖാദർ, ഫാസില അബ്സാർ, കൗൺസിലർമാരായ ഡോ സഹല ഫിർദൗസ്, അൻസൽന പരീക്കുട്ടി, ഷൈമ റസാഖ്, അനസ് പാറയിൽ, പിആർഎഫ് ഫൈസൽ, റിയാസ് പ്ലാമൂട്ടിൽ, സുനിത ഇസ്മായിൽ, എസ് കെ നൗഫൽ, നൗഫിയ ഇസ്മായിൽ, സജീർ ഇസ്മായിൽ, സുഹാന ജിയാസ്, ഹബീബ് കപ്പിത്താൻ, ലീന ജെയിംസ്, ഫസൽ റഷീദ് എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ ടി. രാജൻ സ്പീക്കറായി സഭാ നടപടികൾ നിയന്ത്രിച്ചു. ശുചിത്വ മിഷൻ പ്രതിനിധികളായ അബ്ദുൽ മുത്തലിബ്, എസ.് ഹരിശങ്കർ എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close