Uncategorized

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

ജി എസ് ടി വിഹിതവും നികുതി വിഹിതവും ഉൾപ്പടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന  പെരുമ്പാവൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി. 

ജി എസ് ടി വിഹിതം നിശ്ചയിക്കുന്നതിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ല. സുതാര്യത വേണമെങ്കിൽ ജി എസ് ടി വഴി കേന്ദ്രം സമാഹരിക്കുന്ന തുക വ്യക്തമാക്കണം. ജി എസ് ടി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യക്തമാക്കണം. 

കഴിഞ്ഞ നവംബർ മാസത്തിൽ കേരളത്തിന് ലഭിക്കേണ്ട 332 കോടി രൂപ വെട്ടിക്കുറച്ചു. എന്നാൽ ഇതിന്റെ മാനദണ്ഡം സംസ്ഥാന സർക്കാരിന് അറിയില്ല. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നില്ല. 

സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാർ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണ്. സംസ്ഥാന വിഹിതത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. എന്നാൽ നവകേരള സദസ്സിലെ ജനപങ്കാളിത്തം കേന്ദ്ര സർക്കാരിനെ കൊണ്ട് പ്രതികരിക്കാൻ നിർബന്ധിത രാക്കിയിരിക്കുകയാണ്. ഇതേ തുടർന്നാണ് വസ്തുതാ വിരുദ്ധമായാണെങ്കിലും കേന്ദ്ര ധനമന്ത്രി പ്രതികരിച്ചിരിക്കുന്നത്. 

ജി എസ് ടി യുടെ 100 % വും ഐ ജി എസ് ടി യുടെ 50 % വും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന. കേന്ദ്ര നികുതി വരുമാനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടന്ന് ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. യഥാർഥ വസ്തുത ജി എസ് ടിയുടെ ഭാഗമായുള്ള വരുമാനത്തിന്റെ 50 % സംസ്ഥാനങ്ങളുടെ തന്നെ വരുമാനമാണ്. അതാണ്  നിയമം. അത് സംസ്ഥാനങ്ങളുടെ തന്നെ തനത് നികുതി വരുമാനമാണ്. സംസ്ഥാനത്തിന്റെ വിഭവങ്ങൾ  ചെലവഴിച്ചാണ് ആ തുക പിരിച്ചെടുക്കുന്നത്. 

ജിഎസ് ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ നികുതി വരുമാനത്തിന്റെ 44% നഷ്ടപ്പെടുത്തേണ്ടിവന്നു. 28% മാത്രമാണ് കേന്ദ്രത്തിന് നഷ്ടമായത്. വരുമാനത്തിന്റെ 50 % കേന്ദ്രത്തിനും 50 % സംസ്ഥാനങ്ങൾക്കും എന്ന നിലയിലാണ് ജി എസ് ടി വിഹിതം നിശ്ചയിച്ചത്. ജി എസ് ടി യിൽ 14% വാർഷിക വളർച്ചാ നിരക്ക് ഉറപ്പാക്കുമെന്ന കേന്ദ്ര വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഈ നിരക്ക് ഇതുവരെ ഉണ്ടായില്ല.

നികുതി അവകാശ നഷ്ടം പരിഹരിക്കാൻ ജി എസ് ടി നഷ്ടപരിഹാരം നിർദേശിച്ചിരുന്നു. ഇതിന്റെ കാലാവധി അഞ്ചു വർഷം കഴിഞ്ഞ് അവസാനിച്ചു. നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രസർക്കാർ ഫണ്ടിൽ നിന്നായിരുന്നില്ല. ഇതിനായി പ്രത്യേക സെസ് ഏർപെടുത്തി. ഇതേ തുടർന്നാണ് നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രം ഇത് അനുവദിച്ചില്ല. എന്നാൽ സെസ് പിരിവ് കേന്ദ്രം ഇപ്പോഴും തുടരുകയാണ്. 

കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതി വരുമാന നഷ്ടം ഉണ്ടാകാതിരിക്കാൻ നിശ്ചയിച്ച ശരാശരി നികുതി നിരക്കാണ് റവന്യൂ ന്യൂട്രൽ നിരക്ക്. ജി എസ് ടി ക്ക് മുൻപും ശേഷവും ഈ നിരക്ക് 16% ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 11% ആയി കുറഞ്ഞു. ജി എസ്ടിക്ക് മുൻപ് 35 മുതൽ 45 ശതമാനം വരെ നികുതി നിരക്കുണ്ടായിരുന്ന ഇരുന്നൂറിലധികം ഉത്പനങ്ങൾക്ക് നികുതി 28% ആയി കുറഞ്ഞു. ഇപ്പോൾ അത് 18% ആയി. എന്നാൽ ഇതുമൂലം വിലക്കുറവ് ഉണ്ടായില്ല. സംസ്ഥാന നികുതി വിഹിതം കുറയുകയാണ് ചെയ്തത്. 

ദേശീയ പാതയുടെ സ്ഥലമെടുപ്പിനായി 5854 കോടി രൂപയാണ് കേരളം ദേശീയ പാത അതോറിറ്റിക്ക് നൽകിയത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറയ്ക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം തുറമുഖത്തിനുള്ള വായ്പയും നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 

13, 14, 15 ധനകാര്യ കമ്മീഷനുകൾ ഉയർന്ന വിഹിതമാണ് സംസ്ഥാനത്തിന് നൽകിയതെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. ഇത് തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ്. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.875 % ആയിരുന്നു സംസ്ഥാനത്തിനുള്ള വിഹിതം. ഇപ്പോഴുള്ള 15 ാം ധനകാര്യ കമ്മീഷന്റെ കാലത്ത് ഇത് 1.92% ആണ്. 

ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളിൽ വരെ കേന്ദ്ര സർക്കാർ കൈകടത്തുകയാണ്. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ട നികുതി വരുമാനം എത്രയാണെന്നത് സംബന്ധിച്ച ഒരു കണക്കും ആർക്കുമറിയില്ല. ബജറ്റിൽ അത് വ്യക്തമാക്കേണ്ടതാണ്. എന്നാൽ ബജറ്റിൽ അത് പൂർണ്ണമായും മറച്ചുവെച്ചിരിക്കുകയാണ്. കണക്കുകൾ സുതാര്യമല്ലാത്തതു കൊണ്ട് നികുതി വരുമാനവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന കുറവ് കൃത്യമായി നിർണയിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കണക്കുകൾ തെറ്റിദ്ധരിപ്പിക്കും വിധം കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്.

പ്രതിസന്ധികൾക്കിടയിലും കേരളം പിടിച്ചു നിൽക്കുന്നത് കേരളത്തിന്റെ തനത് നികുതി വരുമാനത്തിലെ വർധന കൊണ്ടാണ്. 2022-23 ൽ തനത് നികുതി വരുമാനം 23.36% വർധിച്ചു 2021-22 ൽ 22.41% ആയിരുന്നു വർധന. ക്രമാനുഗതമായ വർധനയാണ് തനത് വരുമാനത്തിൽ കേരളം നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

മന്ത്രിമാരായ ആന്റണി രാജു, വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻ കുട്ടി, എം.ബി. രാജേഷ്  മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി,കെ.രാധാകൃഷ്ണൻ, വി.അബ്ദുറഹിമാൻ, പി.രാജീവ്,  റോഷി അഗസ്റ്റിൻ, വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, പി.പ്രസാദ്, അഹമ്മദ് ദേവർ കോവിൽ, ജെ. ചിഞ്ചു റാണി, കെ.എൻ. ബാലഗോപാൽ,  ജില്ലാ കളക്ടർ എൻ. എസ്. കെ.ഉമേഷ് എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി നോഡൽ ഓഫീസർ കുന്നത്തുനാട് തഹസിൽദാർ ജോർജ് ജോസഫ് സ്വാഗതവും  സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുൾ കരീം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close