Kannur

മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ഫണ്ടിനുള്ള മാനദണ്ഡമാക്കുന്നത് ആലോചനയില്‍: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് ലഭിക്കണമെങ്കില്‍ മാലിന്യമുക്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണം എന്ന മാനദണ്ഡം ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും കുറച്ച് കടമ്പകള്‍ കടക്കാനുണ്ട്. മാറ്റങ്ങള്‍ ഓരോ വ്യക്തികളില്‍ നിന്നും തുടങ്ങണം. ചില സ്ഥാപനങ്ങള്‍ സന്നദ്ധരായി മുന്നോട്ട് വരുമ്പോള്‍ ചിലരിപ്പോഴും പിറകില്‍ തന്നെയാണ്. ഈ രീതി മാറണമെങ്കില്‍ ഇത്തരം കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. എന്തായാലും ഫണ്ട് ലഭിക്കും എന്ന തോന്നല്‍ മാറണം. അങ്ങനെ വരുമ്പോള്‍ ഈ ലക്ഷ്യങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ തദ്ദേസ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും. എങ്കില്‍ മാത്രമേ ഈ നേട്ടം പരിപൂര്‍ണമായി കൈവരിക്കാനാവൂ.
സുസ്ഥിര വികസന സങ്കല്‍പ്പങ്ങളില്‍ പ്രധാനമാണ് ദാരിദ്ര്യനിര്‍മാര്‍ജ്ജനം, വിശപ്പില്ലാതാക്കല്‍, പൊതുശുചിത്വം തുടങ്ങിയവ. ഇവ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് യഥാര്‍ത്ഥ വികസനം കൈവരിക്കാനാവുക. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കാണ് നാം അടുത്ത് കൊണ്ടിരിക്കുന്നത്. കുടുംബശ്രീ മുഖേന കണ്ടെത്തിയ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും 47 ശതമാനം പേരെ കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 2025 ഓടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കും-മന്ത്രി പറഞ്ഞു
സുസ്ഥിരവികസനവും ഹാപ്പിനസ് ഇന്‍ഡക്‌സും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കില അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം, കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് ആന്റ് വേസ്റ്റ് മാനേജ്‌മെന്റ്, കില ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍.

സന്തോഷം ഗ്രാമ നഗരങ്ങളിലേക്ക്, വികസനവും ലിംഗനീതിയും എന്നീ വിഷയങ്ങളില്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സി ഇ ഒ ഡോ. മദന്‍ മോഹന്‍, കില അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ പി എന്‍ അമൃത എന്നിവര്‍ ക്ലാസ്സെടുത്തു. നവകേരളത്തിലെ ക്ഷേമ സങ്കല്പങ്ങള്‍, വിജ്ഞാന കേരളം എന്നീ വിഷയങ്ങളില്‍ കില ഐ പി പി എല്‍ വിദ്യാര്‍ത്ഥികളായ വി കെ ജിംലി, കെ ഡി ഹരിത എന്നിവരും ക്ലാസ്സെടുത്തു.

ഹോട്ടല്‍ ഹൊറൈസണ്‍ ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാഥിതിയായി. ആന്തൂര്‍ നഗരസഭ ചെയര്‍മാനും ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ സംഘാടകസമിതി ചെയര്‍മാനുമായ പി മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിത കൊങ്ങായി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍,  കില പ്രിന്‍സിപ്പല്‍ പി എം രാജീവ്, കില ഐ പി പി എല്‍ ഡയറക്ടര്‍ എ അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close