Kannur

സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സാക്ഷരത നഗരസഭയായി ആന്തൂർ 

സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ നഗരസഭയായി ആന്തൂർ. പത്ത് മാസമായി ആന്തൂർ നഗരസഭയിൽ നടന്നുവരുന്ന “ഇടം ” ഡിജിറ്റൽ സാക്ഷരത ക്ലാസുകൾ പൂർത്തിയായി. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു.
തളിപ്പറമ്പിനെ സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമായി മാറ്റുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഇടം പദ്ധതി വിജയകരമായി പൂർത്തിയാക്കി വരികയാണ്. ഓൺലൈൻ സൗകര്യങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനും സർക്കാർ സേവനങ്ങളും മറ്റ് നവമാധ്യമ സാധ്യതകളും പ്രയോജനപ്പെടുത്താനും ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ആന്തൂരിലെ 28 വാർഡുകളിൽ നിന്നുമായി 11064 പേരാണ് സാക്ഷരത നേടിയത്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയത് ആന്തൂരാണ്. പത്ത് മാസം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്. 292 റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. സ്കൂളുകൾ, വായനശാലകൾ, വീടുകൾ, കുടുംബശ്രീ അയൽ കൂട്ടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ വഴി 15 ഘട്ടങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായവും പദ്ധതിക്ക്  ലഭിച്ചിട്ടുണ്ട് .
ധർമശാല കൽകോ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി മുകുന്ദനൻ അധ്യക്ഷനായി. റിസോഴ്സ് അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് വൈസ് ചെയർമാൻ വി സതീദേവി വിതരണം ചെയ്തു. കുടുംബശ്രീകൾക്കുള്ള ഉപഹാരം മുൻ ചെയർപേഴ്സൺ 
പി കെ ശ്യാമളയും, ലിറ്റിൽ കൈറ്റ് സ്കൂളുകൾക്കുള്ള ഉപഹാരം പദ്ധതിയുടെ മണ്ഡലം കോർഡിനേറ്റർ
പി.പി ദിനേശനും വിതരണം ചെയ്തു. നഗരസഭക്കുള്ള പ്രശംസാപത്രം നിയോജകമണ്ഡലം കൺവീനർ കെ സി ഹരികൃഷ്ണൻ കൈമാറി.
നഗരസഭ കോഡിനേറ്റർ ഇ.കെ. വിനോദൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഉണ്ണികൃഷ്ണൻ, ഓമന മുരളീധരൻ, സി ഡി എസ് ചെയർപേഴ്സൺ കെ പി ശ്യാമള, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close