Idukki

സംസ്ഥാനത്തുണ്ടായത് വികസന വിപ്ലവം: മന്ത്രി റോഷി അഗസ്റ്റിന്‍

കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് ആരെയും അത്ഭുതപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാന ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടന്ന പീരുമേട് നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും അത്ഭുതകരമായ വികസന പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം, വ്യവസായം, തൊഴില്‍ തുടങ്ങി സര്‍വ്വ മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയും കടത്തി വെട്ടുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഉന്നത വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ഇന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളായി എത്തുന്നത്. വ്യവസായ സൗഹൃദമായ സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു.
ജാതിമത ഭേദമില്ലാതെ എല്ലാ ജനങ്ങളെയും ഒരേ മനസ്സോടെ പരിഗണിക്കുകയും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്ത സര്‍ക്കാറാണിത്. കോവിഡ്, നിപ, പ്രളയം തുടങ്ങി നാടൊന്നാകെ ദുരിതത്തിലായ നാളുകളില്‍ സംസ്ഥാനത്തെ ഓരോ വീടുകളിലും അടുപ്പിലെ തീയണയാതെ കാത്തു സംരക്ഷിക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു.
ഇടുക്കി ജില്ലയിലെ ജനങ്ങളുടെ കാലങ്ങളായി ഉയര്‍ന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാറിനായി. ചരിത്രത്തില്‍ വലിയ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന നിയമ ഭേദഗതിയാണ് കഴിഞ്ഞ സെപ്തംബറില്‍ നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ട ഭേദഗതി നിയമം. മലയോര ജനതയ്ക്ക് ആശ്വാസം നല്‍കുമെന്ന പ്രഖ്യാപനമാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ നിറവേറ്റുന്നത്. കൃഷിക്കായി നല്‍കുന്ന ഭൂമിയില്‍ താമസത്തിനായി ഒരു വീട് കൂടി നിര്‍മ്മിക്കാം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. അതിനുവേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയിരുന്നത്. എന്നാല്‍ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് ജനവാസ മേഖലകളില്‍ ചില മാറ്റങ്ങള്‍ വന്നു. പട്ടയ ഭൂമിയിലെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. ഇതേ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമസഭ ഐക്യകണ്‌ഠേനയാണ് ഈ നിയമം പാസ്സാക്കിയത്. പിന്നീട് നിയമസഭയ്ക്ക് പുറത്തിറങ്ങി ഇതിനെതിരെ ശബ്ദുിക്കുന്നത് പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല. യു.പി സ്‌കൂളുകളിലെ തമിഴ് ഭാഷാധ്യാപക നിയമനത്തിനുള്ള മാനദണ്ഡങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തി. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 38 ലക്ഷം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിനായി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം വീടുകളിലും കുടിവെള്ളം എത്തിക്കും. പീരുമേട് മണ്ഡലത്തില്‍ മാത്രം 418 കോടി രൂപയാണ് സമ്പൂര്‍ണ്ണ കുടിവെള്ളത്തിനായി അനുവദിച്ചത്.
തമിഴ്‌നാടുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടും തമിഴ്‌നാടിന് ആവശ്യമായ ജലം നല്‍കിക്കൊണ്ടും മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുക എന്ന ആവശ്യമാണ് കേരളം ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമയബന്ധിതമായി തന്നെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം കേരളം നല്‍കിയിട്ടുണ്ട്.
ലോകത്ത് തന്നെ ആദ്യമായാണ് ഒരു മന്ത്രിസഭയൊന്നാകെ ജനങ്ങളിലേക്കിറങ്ങിച്ചല്ലുന്നത്. ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചവരെ ജനം ബഹിഷ്‌കരിച്ച കാഴ്ചയാണ് ഓരോ നവകേരള സദസ്സിലും കാണുന്നത്.
രാജ്യത്ത് വര്‍ഗീയത പടരുകയും ജനാധിപത്യവും മതേതരത്വും തൂത്തെറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെയും മതേതരത്വത്തിന്റെയും പച്ചത്തുരുത്തായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close