Alappuzha

തകർക്കാനാവില്ല എന്ന് ഉറച്ച് പറയാനാകണം – മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: കേരളത്തെ തകർക്കാൻ സാധിക്കില്ല എന്ന് ഉറച്ച് പറയാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സ് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന കടുത്ത വിവേചനം കേരളത്തെ തകർത്തു കൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകളോളം അത് കേരളത്തെ ബാധിക്കും. ഇത് കേരളത്തിലെ ജനങ്ങളെ ബോധിപ്പിക്കാനും തകരേണ്ട ഒരു സംസ്ഥാനമല്ല കേരളം എന്ന് ഉറച്ചു പറയാനുള്ള ഊർജ്ജം പകരാനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.  നാടിനെ തകർക്കാൻ അനുവദിക്കില്ല എന്ന നിലപാട് ഒന്നിച്ച് നിന്ന് എടുക്കണം എന്നാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന ആഭ്യന്തര വളർച്ച നിരക്ക് ഉയരുകയാണ്. 2016-ൽ 9.6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17.6 ശതമാനമായി ഉയർന്നു. തനത് വരുമാനത്തിലും വലിയ പുരോഗതിയാണ്. 2016 -ൽ 25 ശതമാനം ആയിരുന്നത് ഇപ്പോൾ 67 ശതമാനമായി വർദ്ധിച്ചു. ഇത് സാമ്പത്തിക മേഖലയുടെ മികവാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആകെ റവന്യൂ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 67 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ നിന്നാണ്. എന്നാൽ ഈ വർഷമായപ്പോൾ ചിലവുകളുടെ 71 ശതമാനവും സംസ്ഥാനത്തിന് വഹിക്കേണ്ടതായി വരുന്നു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതത്തിന്റെ ദേശീയ ശരാശരി 45 ശതമാനം ആണെന്നിരിക്കെയാണിത്. 

പ്രതിശീർഷ വരുമാനം 2016-ൽ 1.48 ലക്ഷം രൂപയായിരുന്നത് ഈ വർഷം 2.28 ലക്ഷം കോടി രൂപയായി ഉയർന്നു. ആഭ്യന്തര വരുമാനവും പ്രതിഷേധ വരുമാനവും നികുതി വരുമാനവും ഉയരുന്ന സാഹചര്യത്തിലും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. യു.ജി.സി. ശമ്പളപരിഷ്കരണ ഇനത്തിൽ മാത്രം 750 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുണ്ട്. നഗര വികസന ഗ്രാന്റ് ഇനത്തിൽ 700 കോടി രൂപ, ഗ്രാമ വികസന ഗ്രാന്റ് ഇനത്തിൽ 1260 കോടി രൂപ എന്നിങ്ങനെ ലഭിക്കാനുണ്ട്. നെല്ല് സംഭരണം ഭക്ഷ്യസുരക്ഷാ ഇനത്തിൽ 790 കോടി, വിവിധ ദുരിതാശ്വാസ ഇനത്തിൽ 138 കോടി, സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 69 കോടി രൂപ, കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് സ്പെഷൽ അസിസ്റ്റൻസ് ഇനത്തിൽ 1925 രൂപ എന്നിവ ചേർത്ത് 5632 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ കേരളത്തോട് കടുത്ത വിവേചനം ആണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. ഇത് ഒരു നാടിന്റെ ആകെ പ്രശ്നമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, കയർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, ആൻറണി രാജു, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജി.ആർ. അനിൽ, ഡോ.ആർ. ബിന്ദു, 
വീണാ ജോർജ്, വി.അബ്ദുറഹിമാൻ,
എന്നിവർ സന്നിഹിതരായി. 

എ.എം. ആരിഫ് എം.പി. അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ടി.കെ. ദേവകുമാർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.എസ്. താഹ, ജില്ല പഞ്ചായത്തം എ. ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രുക്മിണി രാജു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എം.എം. അനസ് അലി,
ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ. നാസർ, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, പരിപാടിയുടെ കൺവീനർ ഫിലിപ് ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, നഗരസഭ പ്രതിനിധികൾ,
മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close